വാഷിംഗ് മെഷീനില്‍ കിടന്ന് കറങ്ങുന്ന മകള്‍; ഞെട്ടിക്കുന്ന ഓര്‍മ്മയില്‍ നിന്ന് ഒരു പാഠം

By Web DeskFirst Published Jul 18, 2018, 12:05 AM IST
Highlights
  • നാല് വയസ്സുകാരനായ മകന്‍റെ നിലവിളി കേട്ടാണ് അന്ന് അവര്‍ ഉണര്‍ന്നത്
  • ലിന്‍സേയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തത് ആയിരങ്ങള്‍

കൊളറാഡോ: ലിന്‍സേ- അലന്‍ ദമ്പതികളുടെ മിക്ക ദിവസങ്ങളും മക്കളുടെ ബഹളങ്ങളിലേക്കാണ് ഉണരാറ്. എഴുന്നേറ്റയുടന്‍ ചിത്രം വരയോ ഓടിക്കളിയോ അങ്ങനെയെന്തെങ്കിലും വിനോദത്തിലായിരിക്കും മൂന്ന് മക്കളും. 

എന്നാല്‍ അന്നത്തെ ദിവസം നാലുവയസ്സുകാരനായ മകന്‍ ജെയ്‌സിന്റെ നിലവിളി കേട്ടാണ് ഇരുവരും കിടപ്പുമുറിയില്‍ നിന്നിറങ്ങിയത്. സംസാരിക്കാനാകാത്ത വിധത്തില്‍ പേടിച്ചുനില്‍ക്കുന്ന ജെയ്‌സിന്റെ വായില്‍ നിന്ന് തപ്പിത്തടഞ്ഞ് വന്ന വാക്കുകളിലൂടെയാണ് അവര്‍ അപകടം മനസ്സിലാക്കിയത്. 

വാഷിംഗ് മെഷീന്‍ വച്ചിരിക്കുന്ന മുറിയിലേക്ക് ഓടിയെത്തിപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ഓണ്‍ ചെയ്ത വാഷിംഗ് മെഷീനില്‍ കിടന്ന് കറങ്ങുന്ന മൂന്നുവയസ്സുകാരിയായ മകള്‍ ക്ലോ. കളിക്കിടയില്‍ എങ്ങനെയോ പറ്റിയതായിരിക്കണം. 

വാങ്ങിച്ച് രണ്ട് ദിവസം മാത്രമായ വാഷിംഗ് മെഷീന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ പോലും ലിന്‍സേയും അലനും മനസ്സിലാക്കിയിരുന്നില്ല. ഓടിച്ചെന്ന് തുറക്കാന്‍ ശ്രമിച്ചെങ്കിലും അതിന്റെ വാതില്‍ ലോക്കായിരുന്നു. വളരെ നേരത്തേ പരിശ്രമത്തിനൊടുവില്‍ മെഷീന്‍ ഓഫ് ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തു. 

മകനും മകളും കളിക്കുന്നതിനിടെ അവള്‍ അതിനകത്ത് കയറിയപ്പോള്‍ അവന്‍ മെഷീന്റെ ഡോറടയ്ക്കുകായിരുന്നു. തുടര്‍ന്ന് ബട്ടണ്‍ ഓണ്‍ ചെയ്തു. ക്ലോ അതിനകത്ത് കിടന്ന് കറങ്ങുന്നത് കണ്ടതോടെ പേടിച്ച ജെയ്‌സ് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. 

ഇത്തരമൊരു അപകടത്തെപ്പറ്റി മുമ്പ് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല, കാര്യമായ ഒരു പരിക്കും അവള്‍ക്ക് പറ്റിയിരുന്നില്ല. എങ്കിലും കുട്ടികളുടെ കാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധയാകാമെന്നും, താന്‍ ഇതില്‍ നിന്ന് വലിയ പാഠമാണ് ഉള്‍ക്കൊണ്ടതെന്നും ലിന്‍സേ ഫേസ്ബുക്കില്‍ കുറിച്ചു. പതിനായിരക്കണക്കിന് പേരാണ് മുന്നറിയിപ്പ് പോലെ ലിന്‍സേ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.  
 

click me!