തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ഇന്ന് തുടക്കം; തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

By Web DeskFirst Published Apr 24, 2018, 6:51 AM IST
Highlights

പൂരം വരവ് ശംഖ് വിളിച്ച് വിളംബരം ചെയ്ത് നെയ്തലക്കാവിലമ്മ തെക്കേഗോപുര നടതുറക്കാൻ ഇന്നെത്തും.

തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക. 

പൂരം വരവ് ശംഖ് വിളിച്ച് വിളംബരം ചെയ്ത് നെയ്തലക്കാവിലമ്മ തെക്കേഗോപുര നടതുറക്കാൻ ഇന്നെത്തും. ഒരു കാലത്ത് ചെറിയൊരു ചടങ്ങുമാത്രമായിരുന്നു നടതുറക്കൽ. ഇന്നത് പതിനായിരങ്ങളെത്തുന്ന ചടങ്ങായി മാറാൻ കാരണം ആരാധകരുടെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. നെയ്തലക്കാവിൽ നിന്ന് തിടമ്പുമായി രാമചന്ദ്രൻ പുറപ്പെടുമ്പോൾ തന്നെ പൂരത്തിന്റെ ആവേശമെത്തും. 11.30ഓടെ തെക്കേ ഗോപുരനട തുറക്കുന്നതോടെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമാകും. ചെറുപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എ‍ഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം.

നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കെ ഗോപുരനട വ‍ഴി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് പൂരദിവസ ചടങ്ങുകള്‍ തുടങ്ങുക. ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി മറ്റ് ഏഴ് ചെറുപൂരങ്ങളും ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. ഉച്ചക്ക് ശേഷമാണ് തൃശൂര്‍ പൂരത്തിന് പകിട്ടേകുന്ന ആഘോഷങ്ങള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനുള്ള പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും പിന്നെ കുടമാറ്റവും. ഒടുവിൽ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്. വര്‍ഷങ്ങൾ നിരവധി പിന്നിട്ടിട്ടും ശക്തന്‍ തമ്പുരാന്‍ നിഷ്കര്‍ഷിച്ച നിയമങ്ങളും ആചാരങ്ങളും അണുവിട തെറ്റിക്കാതെയാണ് പൂരം ഇപ്പോ‍ഴും ആഘോഷിക്കുന്നത്.

click me!