
തൃശൂര്‍: കടലേറ്റവും കടല്‍ക്ഷോഭവും മൂലം വറുതിയിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി പെരിഞ്ഞനം ആറാട്ടുകടവില്‍ ചാകര. കഴിഞ്ഞ നാല് ദിവസമായി ആറാട്ടുകടവില്‍ ചെമ്മീന്‍ കൊയ്ത്താണ്. ചെമ്മീനൊടൊപ്പം ചെറിയ രീതിയില്‍ മറ്റ് മീനുകളും ലഭിച്ചു തുടങ്ങി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങളും കാലവര്‍ഷത്തെത്തുടര്‍ന്നുള്ള കടലേറ്റവും മൂലം മാസങ്ങളായി മത്സ്യത്തൊഴിലാളികള്‍ വറുതിയിലായിരുന്നു.
ആറാട്ടുകടവില്‍ ചാകരക്കോള് ലഭിച്ചുതുടങ്ങിയതോടെ കടലോരം ഉത്സവാന്തരീക്ഷത്തിലാണ്. മറ്റ് കടപ്പുറങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികളും വള്ളങ്ങളും ആറാട്ടുകടവിലെത്തിയിട്ടുണ്ട്. കച്ചവടക്കാരും ഐസിംഗ് സംവിധാനത്തോടെയുള്ള വാഹനങ്ങളും എത്തിയതോടെ തീരം ഉത്സവാന്തരീക്ഷത്തിലായി. ഞായറാഴ്ച ഇവിടെ നിന്നും മത്സ്യബന്ധനത്തിനിറങ്ങിയ വള്ളങ്ങള്‍ക്ക് വല നിറയെ ചെമ്മീന്‍ ലഭിച്ചു.
കിലോക്ക് 100 മുതല്‍ 150 രുപ വരെയായിരുന്നു വില. അതേസമയം വള്ളക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കുന്ന തുകയും മത്സ്യബന്ധനത്തിനുള്ള ചിലവുകളും താരതമ്യം ചെയ്യുമ്പോള്‍ കനത്ത നഷ്ടമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അവധിദിനമായിരുന്നതിനാല്‍ ഞായറാഴ്ച ചാകര കടപ്പുറത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളും എത്തിയിരുന്നു. കടലില്‍ നിന്ന് പിടികൂടന്ന മീന്‍ നേരിട്ട് വാങ്ങുന്നതിന് തിരക്കാണ്. കരയ്ക്ക് നിന്ന് വലനീട്ടുന്ന തൊഴിലാളികള്‍ക്ക് വലിയ മാന്തളും ഏട്ടയും ധാരാളം കിട്ടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam