ജലവിതരണത്തിൽ വിപ്ലവം സൃഷ്ടിച്ച് തൃശ്ശൂർ കോർപ്പറേഷൻ

By Web DeskFirst Published May 9, 2018, 7:26 PM IST
Highlights
  • കഴിഞ്ഞ ഏഴുവര്‍ഷത്തിനകം 23.52 കോടിരൂപയാണ് കുടിവെള്ളവിതരണത്തിനായി കരാറുകാര്‍ക്ക് അനുവദിച്ചത്.
  •  1.35 കോടി രൂപമാത്രം ചെലവഴിച്ച് 13 വണ്ടികള്‍ സ്വന്തമായി വാങ്ങിയാണ് കോര്‍പറേഷന്‍ ജലവിതരണം നടത്തുന്നത്.

തൃശൂര്‍:കോര്‍പറേഷനിലെ കുടിവെള്ളക്കൊള്ളയ്ക്ക് അറുതിയാവുന്നു. ടെന്‍ഡര്‍ നടപടികളിലുടെ കുടിവെള്ള വിതരണം നിര്‍ത്തി, പകരം കോര്‍പറേഷന്‍ വണ്ടികളില്‍ നേരിട്ട് ജലവിതരണം നടത്തുകയാണ് തൃശ്ശൂർ കോർപറേഷനിപ്പോൾ. ഒപ്പം എല്ലാ വീടുകളിലേക്കും വീട്ടുകണക്ഷന്‍ എത്തിക്കാനും പദ്ധതിയുണ്ട്.   

കഴിഞ്ഞ ഏഴുവര്‍ഷത്തിനകം 23.52 കോടിരൂപയാണ് കുടിവെള്ളവിതരണത്തിനായി കരാറുകാര്‍ക്ക് അനുവദിച്ചത്. എന്നാലിപ്പോൾ 1.35 കോടി രൂപമാത്രം ചെലവഴിച്ച് 13 വണ്ടികള്‍ സ്വന്തമായി വാങ്ങിയാണ് കോര്‍പറേഷന്‍ ജലവിതരണം നടത്തുന്നത്. നേരത്തെ ജലവിതരണത്തിന്റെ പേരിൽ കോടികളാണ് വെള്ളത്തിലലിഞ്ഞുപോയത്. ഇതു സംബന്ധിച്ച ചര്‍ച്ച തിങ്കളാഴ്ചയിലെ കൗണ്‍സിലില്‍ അജന്‍ഡയാണ്. 

വണ്ടികള്‍ക്കു പുറമെ ജലഅതോറിറ്റിയുമായി സഹകരിച്ച് നഗരത്തിലെ എല്ലാമേഖലകളിലേക്കും പൈപ്പ്‌ലൈന്‍ ശക്തിപ്പെടുത്തും. വീട്ടുകണക്ഷനും നല്‍കുന്നുണ്ട്. പീച്ചിയില്‍ പുതിയ പ്ലാന്റുള്‍പ്പെടെ സ്ഥാപിക്കുന്നുണ്ട്. ഒല്ലൂര്‍മേഖലയിലേക്ക് പാലക്കടവില്‍നിന്നും പ്രത്യേക ലൈനും സ്ഥാപിച്ചും നിരവധി ശാസ്ത്രീയ കുടിവെള്ളപദ്ധതികളും ഒരുക്കിയാണ് കോര്‍പറേഷന്‍ ജലവിപ്ലവം നടത്തുന്നത്. 

2011-12ല്‍ 3,46,83,512 രൂപയാണ് കരാറുകാര്‍ വഴി ജലവിതരണത്തിന് ചെലവഴിച്ചത്. 2012-13ല്‍ 3,88,12,270, 2013-14ല്‍ 2,91,12,711, 2014-15ല്‍ 3,40,28,720, 2015-16ല്‍ 3,94,45,426, 2016-17ല്‍ 3,80,46,248, 2017-18ല്‍ 2,10,88,005 എന്നിങ്ങനെ കഴിഞ്ഞ ഏഴു വര്‍ഷത്തിനകം 23,52,16,892 രൂപ ജലവിതരണത്തിനായി ചിലവഴിച്ചു. കോര്‍പറേഷന്‍ ആരംഭിച്ച കാലംമുതല്‍ കണക്കാക്കിയാല്‍ 50 കോടിയോളം രൂപയാണ് ചെലവ്. 

വണ്ടികള്‍ വാങ്ങാന്‍ ഫണ്ടുണ്ടായിട്ടും ഇത് വാങ്ങാതെയും പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെയും നേരത്തെയുള്ള ഭരണസമിതിയുടെ കാലത്ത്  വെള്ളക്കൊള്ള നടത്തുകയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഓടാത്ത വണ്ടിക്കും ജലവിതരണം നടത്തിയെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ടാങ്കര്‍ ലോറിക്കുപകരം സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ എഴുതി ലക്ഷങ്ങള്‍ വെട്ടിച്ചെടുത്തതായും വണ്ടി നമ്പര്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞു.  ജനങ്ങള്‍ക്ക് ജലവിതരണം നടത്തുന്നതിന് പകരം ഹോട്ടലുകളിലേക്കും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലെ കിണറുകളിലും വെള്ളം അടിച്ചു നല്‍കിയിരുന്നതായും ആക്ഷേപമുയര്‍ന്നു.

പുതിയ എല്‍ഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയശേഷം രണ്ടു വര്‍ഷങ്ങളിലായി 13 ലോറി  വാങ്ങി ജലവിതരണം ആരംഭിച്ചു. പ്രൊഫ. ആര്‍ ബിന്ദു മേയറായിരിക്കെ മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് എട്ട് വണ്ടി  വാങ്ങിയിരുന്നു. ഇതില്‍ മൂന്ന് വണ്ടികള്‍ പഴതായി. അഞ്ചുവണ്ടി ഓടുന്നുണ്ട്. ഇതുള്‍പ്പെടെ 18 വണ്ടി നിരത്തിലിറക്കിയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ ജലവിതരണം നടത്തുന്നത്. 

ഈ വണ്ടികള്‍ വാങ്ങാന്‍ ഒരു വര്‍ഷം കരാറുകാര്‍ക്ക് നല്‍കിയ പണത്തിന്റെ പകുതിപോലും  വേണ്ടിവന്നില്ല.  ശുദ്ധമായ ജലത്തിന്റെ സ്രോതസ്സ് നഗരപരിധിയിലുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമുള്ള മേഖലകളിലേക്ക് ദിവസങ്ങള്‍ ഇടവിട്ട് ജലവിതരണം നടത്താനാവുന്നുണ്ട്. മാര്‍ച്ച്, എപ്രില്‍, മേയ് മാസങ്ങള്‍ക്കുശേഷം ഈ വണ്ടികളെ പ്രയോജനപ്പെടുത്തി കോര്‍പറേഷന് വരുമാനമുണ്ടാക്കാനുള്ള ആലോചനയുമുണ്ട്.

click me!