
തൃശൂര്‍: തൃശൂര്‍ രാമവര്‍മപുരത്തെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ ഭിന്നശേഷിക്കാരനായ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ ആക്ഷേപം. അഗതി മന്ദിരത്തിലെ അന്തേവാസികളെ അനുകൂലിച്ച് നിലപാടെടുത്തതിനാണ് അഗതിമന്ദിരം സൂപ്രണ്ട് വി.ജി ജയകുമാറിനെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. മോശം ഭക്ഷണം നൽകിയ പാചകക്കാരിക്ക് എതിരെ നടപടി വേണമെന്ന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
സുരക്ഷാ മിഷന്‍ ജീവനക്കാര്‍ക്ക് മേട്രന്റെ ചുമതല നല്‍കി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സ്ഥലം മാറ്റം. രാഷ്ട്രീയ ഇടപെടലാണ് നടപടിക്ക് പിന്നിലെന്നാണ് ആരോപണം. അഗതി മന്ദിരത്തിലെ പാചകക്കാരി റീന മോളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്തേവാസികള്‍ സമരം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാചകക്കാരിക്കൊപ്പം സൂപ്രണ്ട് ജയകുമാറിനെയും സ്ഥലം മാറ്റിയിരിക്കുന്നത്. സമരത്തില്‍ അന്തേവാസികള്‍ക്ക് അനുകൂലമായി സൂപ്രണ്ട് നിലപാട് എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി എന്നാണ് ഇപ്പോള്‍ ആക്ഷേപമുയര്‍ന്നിരിക്കുന്നത് .
സുരക്ഷാ മിഷന്‍ ജീവനക്കാരെ കൊണ്ട് മേട്രന്റെ ജോലികളും ചെയ്യിച്ചു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വാസ്തവവിരുദ്ധമാണെന്നും ജയകുമാര്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും മേലുദ്യോഗസ്ഥര്‍ നല്‍കാതെയാണ് സ്ഥലം മാറ്റിയത്. ലോക ഭിന്ന ശേഷിദിനത്തിന്റെ തലേന്നാണ് ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനെതിരെ ആവശ്യത്തിന് കാരണമില്ലാതെ നടപടിയെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam