തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി; ഭൂഗർഭ ജലം വൻതോതിൽ മലിനമാക്കപ്പെട്ടതായി കേന്ദ്ര ജലമന്ത്രാലയം

Web Desk  
Published : Jul 24, 2018, 01:30 PM IST
തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി; ഭൂഗർഭ ജലം വൻതോതിൽ മലിനമാക്കപ്പെട്ടതായി കേന്ദ്ര ജലമന്ത്രാലയം

Synopsis

സ്റ്റർലൈറ്റ് പ്ലാന്‍റുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എം പി ശശികല പുഷ്പ  രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ജലമന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടത്.

തമിഴ്‍നാട് : സർക്കാർ അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനിയുടെ സമീപ പ്രദേശങ്ങളിൽ ഭൂഗർഭ ജലം വൻതോതിൽ മലിനമാക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഭൂഗർഭ - ജലമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. കാൻസറിന് കാരണമായേക്കാവുന്ന അർസനിക്ക് അടക്കമുള്ള രാസവസ്തുക്കളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റർലൈറ്റ് പ്ലാന്‍റുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ എം പി ശശികല പുഷ്പ  രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ജലമന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടത്.

ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഭൂഗർഭ ജലത്തിൽ രാസവസ്തുക്കളുടെ സാന്നി​ദ്ധ്യം പരിശോധിക്കുന്നതിനായി ശേഖരിച്ച ഭൂരിപക്ഷം സാമ്പിളുകളിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ഭൂഗർഭ - ജല ബോർഡ് നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കാൻസറടക്കമുള്ള മാരക രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ലെഡ്, കാഡ്മിയം, ക്രോമിയം, ആർസെനിക്ക് തുടങ്ങിയവയാണ് ഭൂഗർഭ ജലത്തിൽ അടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, കമ്പനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നതിന് നാട്ടുകാർക്ക് പണം നൽകി സ്വാധീനിക്കുന്നുണ്ടെന്ന ആരോപണവും ഉയർന്നു.  ജനങ്ങളെ സ്വാധീനിച്ച് പ്രതിഷേധത്തിന് അയവ് വരുത്തി കമ്പനി തുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ഇതിനായി ഫാക്ടറിയുടെ ആവശ്യകത വിശദീകരിക്കുന്ന വീഡിയോകളും കുറിപ്പുകളും സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതായും ഇവർ ആരോപിച്ചു.

ജലവും മണ്ണും വിഷമയമാക്കുന്ന സ്റ്റര്‍ലൈറ്റ് കമ്പനി പൂട്ടണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചവർക്കെതിരെ കഴിഞ്ഞ മാർച്ച് 22 നാണ് തമിഴ്നാട് പോലീസ് വെടിവച്ചത്. വെടിവെപ്പില്‍ 12 പേർ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് ​ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് സർക്കാർ ഇടപ്പെട്ട് കമ്പനി അടച്ചുപൂട്ടിയത്. 

പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ 27 ഗ്രാമങ്ങളിലായി 6.4 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഭൂരിപക്ഷം പേരും രോഗബാധിതരാണ്. തൂത്തുക്കുടിയില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോപ്പര്‍ ഫാക്ടറിയാണ് സ്റ്റർലൈറ്റ് കമ്പനി ലോകത്തെ ഏറ്റവും വലിയ ചെമ്പ് നിര്‍മാണ ശാലകളിലൊന്നാണ്. വേദാന്ത ഗ്രൂപ്പിന്‍റെതാണ് കമ്പനി. ഇവിടെ ദിവസേന ആയിരത്തി ഇരുന്നൂറ് ടണ്‍ ചെമ്പ് ശുദ്ധീകരിച്ച് ഉത്പാദിപ്പിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ; കേരളത്തിലെ സർവീസുകളുടെ വിവരങ്ങൾ അറിയാം