"നേഷന്‍ വാണ്ട്‌സ് ടു നോ" ഉപയോഗിച്ചാല്‍ ജയിലില്‍ കിടക്കും; ഭീഷണി തള്ളി അര്‍ണാബ്

By Web DeskFirst Published Apr 18, 2017, 11:22 AM IST
Highlights

നേഷന്‍ വാണ്ട്‌സ് ടു നോ (രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു) എന്ന വാചകം ഉപയോഗിച്ചാല്‍ ജയിലില്‍ പോകുമെന്ന് അര്‍ണാബ് ഗോ സ്വാമിക്ക് ടൈംസ് ഗ്രൂപ്പിന്‍റെ നോട്ടീസ്. ടൈംസ് നൗ ചാനലിലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അര്‍ണാബിന്‍റെ ന്യൂസ് അവറിന്‍റെ മുഖവാചകമായിരുന്നു ഇത്.

ഈ വാചകം ഇനി മേലില്‍ ഉപയോഗിക്കരുതെന്ന് കാട്ടി ടൈംസ് ഗ്രൂപ്പ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഉപയോഗിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ചാനല്‍ നല്‍കുന്നു. ആ വാചകം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ടൈംസിന്‍റെ വാദം. 

ഗോസ്വാമിതന്നെയാണ് തന്റെ പുതിയ സംരംഭമായ റിപ്പബ്ലിക് ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചാനലിന്റെ ഭീഷണി വിലപ്പോകില്ലെന്ന് അര്‍ണബ് പ്രതികരിച്ചു. ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയൊന്നും തന്നെ പിന്തിരിപ്പിക്കില്ലെന്ന് അര്‍ണബ് പറയുന്നു. 

ആ വാചകം ഉപയോഗിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ അര്‍ണബ് വെല്ലുവിളിച്ചു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുക, എല്ലാ പണവും ചെലവഴിച്ച് എന്നെ അറസ്റ്റ് ചെയ്യുക, ഞാന്‍ എന്റെ സ്റ്റുഡിയോയില്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ ഭീഷണി നടപ്പിലാക്കി കാണിക്കു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിച്ചു.

 വാചകം തനിക്കും പ്രേക്ഷകര്‍ക്കും ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് അര്‍ണബ് അഭിപ്രായപ്പെട്ടു. നമ്മള്‍ എന്തുചെയ്യുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി എന്റെ റിപ്പോര്‍ട്ടിംഗിലും ചര്‍ച്ചകളിലും അഭിമാനത്തോടെ ആ വാചകം ഞാന്‍ ഉപയോഗിക്കുന്നുണ്ട്. 

എല്ലാ ഇന്ത്യക്കാര്‍ക്കും ആ വാചകം ഉപയോഗിക്കാന്‍ അവകാശമുണ്ട്. ആ വാചകം ഹൃദയത്തില്‍ നിന്നും വന്നതാണ്, ഗോസ്വാമി പറഞ്ഞു. അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്ന് പടിയിറങ്ങിയിട്ട് മാസങ്ങളായി. പുതിയ ചാനല്‍ തുടങ്ങുന്നതിന്റെ പണിപ്പുരയിലാണ് ഗോസ്വാമി. 

ചാനല്‍ വിടാനുണ്ടായ കാരണങ്ങളൊക്കെ അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചാനലിനെതിരെ ചില ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തി. അങ്ങനെ ഗോസ്വാമിയും ചാനലും തമ്മിലുള്ള ഉരസല്‍ നിലനില്‍ക്കെയാണ് ടൈംസ് വീണ്ടും വെടിപൊട്ടിച്ചിരിക്കുന്നത്.

click me!