
ദേശീയ പാതകളില്‍ ടോള്‍ നല്‍കുന്നതില്‍ നിന്ന് യാത്രാ ബസ്സുകളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുഗതാഗതം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ബസ്സുകളെ ടോള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ഗതാഗതമന്ത്രാലയം കേന്ദ്രമന്ത്രിസഭയ്‌ക്ക് സമര്‍പ്പിച്ചു.
രാജ്യത്തെ മുഴുവന്‍ ദേശീയ പാതകളിലുമുള്ള ടോള്‍ ബൂത്തുകളില്‍ നിലവില്‍ വിവിഐപി വാഹനങ്ങള്‍ക്കും പൊലീസും ആംബുലന്‍സുമടക്കമുള്ള അവശ്യ സര്‍വ്വീസുകള്‍ക്കുമാണ് ടോള്‍ നല്‍കുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പൊതുഗതാഗതം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി യാത്രാ ബസ്സുകളെ ടോളില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ തീരുമാനം.ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി സഭയ്‌ക്ക് ഗതാഗതമന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശം നിലവില്‍ ധനമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. സാമ്പത്തിക ബാധ്യതയുള്ള വിഷയമായതിനാല്‍ ധനമന്ത്രാലയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമാകും കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. ടോള്‍ നല്‍കുന്നത് ഒഴിവാക്കിയാല്‍ ബസ്സുകളുടെ ടിക്കറ്റ് നിരക്കും രാജ്യവ്യാപകമായി കുറയും. പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ കൊല്ലവും 2500കോടി രൂപ ചെലവഴിക്കാനും ഗതാഗതമന്ത്രാലയം ആലോചിക്കുന്നുണ്ട്.പുതിയ ബസ്സുകള്‍ നിരത്തിലിറക്കാനും മലിനീകരണം കൂടിയ പഴയവ ഒഴിവാക്കാനും ഇതുകൊണ്ട് കഴിയുമെന്നാണ് ഗതാഗതമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam