
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബരപരമായി ആസ്തി മാത്രമാണുള്ളതെന്നും മൂവാറ്റപ്പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കും.
ജേക്കബ് തോമസ് വികിലന്‍സ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരെ കേസെടുത്തത്. 2010 മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ടോം ജോസ് 1.19കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പരാതി സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ടോം ജോസിനെ നേരത്തെ എട്ടര മണിക്കൂര്‍ വിജിലിന്‍സ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ്, സെക്രട്ടേറിയേറ്റിലെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പ്രവാസി മലയാളി കോട്ടയം പാലാ രാമപുരം വെള്ളിലാപ്പള്ളി സ്വദേശി അനിതാജോസുമായുള്ള സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ദോദാമാര്‍ഗില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും പണം കൈമാറിയതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ടോം ജോസ് ഹാജരാക്കിയിരുന്നു. അനിതാ ജോസ് സുഹൃത്താണെന്നും അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തനിക്ക് പവര്‍ ഒഫ് അറ്റോര്‍ണി ലഭിച്ചിരുന്നുവെന്നും അതില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നും ടോം ജോസ് വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28ന് ടോം ജോസിന്റെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവര്‍, തിരുവനന്തപുരം വെള്ളയമ്പലത്തെ വാടക ഫ്‌ളാറ്റ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട്, അനിതാ ജോസിന്റെ രാമപുരത്തെ വീട് എന്നിവിടങ്ങളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ബാങ്കിടപാടുകള്‍, വിദേശയാത്രകള്‍, മഹാരാഷ്ട്രയിലടക്കമുള്ള ഭൂമി എന്നിവയുടേതുള്‍പ്പെടെ 170 ഓളം രേഖകള്‍ പിടിച്ചെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam