ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മനാട്ടിലെത്തി; സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരുമില്ല

By Web DeskFirst Published Oct 1, 2017, 10:06 AM IST
Highlights

കൊച്ചി: ഐ.എസ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മനാട്ടിലെത്തി. രാവിലെ ഏഴ് മണിക്കാണ് അദ്ദേഹം ബംഗളുരുവില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി പേര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. എന്നാല്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ ആരുമെത്തിയില്ല.

സലേഷ്യന്‍ സഭയിലെ വൈദികര്‍ക്കൊപ്പമാണ് ഫാദര്‍ ടോം കൊച്ചിയിലെത്തിയത്. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമെ, ജോസ് കെ.മാണി എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, റോജി എം.ജോണ്‍, വി.ഡി. സതീശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും നിരവധി വൈദികരും അദ്ദേഹത്തെ സ്വീകരിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും സ്വീകരിക്കാനെത്താത്തത് അനൗചിത്യമായെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

വിമാനത്താവളത്തില്‍ നിന്ന് വെണ്ണല ഡോണ്‍ ബോസ്കോയിലേക്കാണ് അദ്ദേഹം പോയത്. കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ അദ്ദേഹം പ്രത്യേക പ്രാര്‍ഥന നടത്തും. വൈകുന്നേരമാണ് അദ്ദേഹം ജന്മനാടായ രാമപുരത്ത് എത്തുന്നത്. വൈകിട്ട് 5.15ന് രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. രാത്രി എട്ടരയോടെ അദ്ദേഹം സ്വന്തം വീട്ടിലെത്തും. മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി 2014 സെപ്റ്റംബറിലായിരുന്നു ഫാ. ടോം അവസാനമായി ജന്മനാട്ടിലെത്തിയത്.


 

click me!