
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളി പികെ.കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ നീക്കം. 70 വയസ്സ് കഴിഞ്ഞവർക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷായിളവ് നല്‍കി ജയില്‍ മോചിതനാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച ബന്ധുക്കളുടെയും കെകെ രമയുടെയും മൊഴി രേഖപ്പെടുത്തി. കണ്ണൂർ എസ്പിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
മൊഴി രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ എസ്പി കൊളവലൂര്‍ എസ്ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് കെകെ രമയുടെ മൊഴി രേഖപ്പെടുത്തിയത്. കുറ്റവാളിയുടെയും ഇരയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇത് ക്രോഡീകരിച്ച് എസ്പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കും.
ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ മാത്രമാണ് ഇത്തരം ആനുകൂല്യം നല്‍കി പുറത്തുവിടുന്നത്. കാന്‍സര്‍ പോലുള്ള മാരക അസുഖ ബാധിതരായ 70 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. എന്നാല്‍ കുഞ്ഞനന്തന് ഇത്തരത്തില്‍ അസുഖങ്ങളൊന്നും ഇല്ല. ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പാണ് പ്രതിയെ ജയില്‍ മോചിതനാക്കാന്‍ ശ്രമം നടക്കുന്നത്.
സിപിഎമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെ വിട്ടയക്കുന്നതിൽ അത്ഭുതമില്ലെന്ന് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമ പ്രതികരിച്ചു. എല്ലാ മാസവും 15 ദിവസത്തിലധികം ജയിലിന് പുറത്താണെന്നും രമ ആരോപിച്ചു. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ഗുഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തനെ 2014ലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam