ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്‌ച നടത്തും

By Web DeskFirst Published May 7, 2017, 3:54 PM IST
Highlights

തിരുവനന്തപുരം: പൊലീസ് മേധാവിയായി ചുമതലയേറ്റ ടി പി സെന്‍കുമാര്‍ നാളെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാറിന് പഴി കേള്‍ക്കാതിരിക്കാന്‍ പൊലീസിനെ കുറിച്ച് നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തയ്യാറാക്കണമെന്ന് സെന്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

11 മാസം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്നലെയാണ് സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവായായി ചുമതലയേറ്റത്. ഇന്നലെ ആലപ്പുഴയിലായിരുന്ന മുഖ്യമന്ത്രി രാത്രിയാണ് തലസ്ഥാനത്തെത്തിയത്. ഇന്ന് മുഖ്യമന്ത്രിക്ക് മുഴുദിന മൂന്നാര്‍ യോഗം. സര്‍ക്കാറുമായി ഏറ്റുമുട്ടി തിരിച്ചെത്തിയ സെന്‍കുമാര്‍ - മുഖ്യമന്ത്രി കൂടിക്കാഴ്ചയെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സര്‍ക്കാറുമായി ഒരു ഏറ്റുമുട്ടലിനും ഇല്ലെന്ന് ഇതിനകം സെന്‍കുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിക്ക് പഴികേള്‍ക്കുന്നത് ഒഴിവാക്കാനുള്ള നിര്‍ദ്ദേശമാണ് ആദ്യം സെന്‍കുമാര്‍ നല്‍കിയത്. നിയമസഭയില്‍ പൊലീസിനെ കുറിച്ച് വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള ഭൂരിപക്ഷം ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് സെന്‍കുമാറിന്റെ ഇടപെടല്‍. വിവരാവകാശ പ്രകാരമുള്ള അപേക്ഷകളിലും വേഗം ഉത്തരം നല്‍കി തീര്‍പ്പാക്കാനും പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. സമവായ പാത സൂചിപ്പിക്കുമ്പോഴും നിര്‍ണ്ണായ വിഷയങ്ങളില്‍ പൊലീസ് മേധാവി മൗനത്തിലാണ്. കോടതിയലക്ഷ്യകേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കെതിരായ പരാതിയിലടക്കമുള്ള നിയമ നടപടികളിലെ സെന്‍കുമാറിന്റെ തുടര്‍ നിലപാട് സര്‍ക്കാറിന് ഏറെ നിര്‍ണ്ണായകം. സുപ്രധാന വിഷയങ്ങളില്‍ ഇനി മുഖ്യമന്ത്രി, പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരുടെ നിലപാടുകളും ശ്രദ്ധേയമാകും.

click me!