20 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടു; മാപ്പു പറഞ്ഞ് ജപ്പാന്‍ റെയില്‍വേ

Published : Nov 17, 2017, 06:44 PM ISTUpdated : Oct 05, 2018, 02:41 AM IST
20 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടു; മാപ്പു പറഞ്ഞ് ജപ്പാന്‍ റെയില്‍വേ

Synopsis

ടോക്കിയോ: നിശ്ചയിച്ച സമയത്തിനും 20 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ട സംഭവത്തില്‍ ജപ്പാന്‍ റെയില്‍വേ കമ്പനി യാത്രക്കാരോട് മാപ്പു പറഞ്ഞു. ജപ്പാനിലെ അകിഹബാറ സ്റ്റേഷനേയും സുകുബാ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് സര്‍വ്വീസ് നടത്തുന്ന സുകുബാ എക്‌സ്പ്രസ്സ് ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ട സംഭവത്തിലാണ് ജപ്പാന്‍ റെയില്‍കമ്പനിയായ സുകുബാ എക്‌സ്പ്രസ്സ് കമ്പനി മാപ്പു പറഞ്ഞത്. 

ടോക്കിയോ നഗരത്തിലെ മിനാമി നാഗരെയാമ സ്‌റ്റേഷനില്‍ നിന്നും രാവിലെ 9.44.40-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ 9.44.20-ന് പുറപ്പെട്ടതാണ് കമ്പനി മാപ്പു പറയാന്‍ കാരണം. ഒരു ജീവനക്കാരന്‍ ടൈംടേബിള്‍ പരിശോധിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതെന്നും സംഭവത്തില്‍ ആരും പരാതി പറഞ്ഞിട്ടില്ലെങ്കിലും മര്യാദയുടെ പേരില്‍ തങ്ങള്‍ മാപ്പു പറയുകയാണെന്നുമാണ് കമ്പനി പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 

ഇന്ത്യയടക്കം പല രാജ്യങ്ങളിലും ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നത് പതിവാണെങ്കിലും മിനിറ്റുകളുടെ ഇടവേളയില്‍ ലക്ഷക്കണക്കിന് ആളുകളേയും വഹിച്ചു കൊണ്ടു സര്‍വ്വീസ് നടത്തുന്ന ജപ്പാനീസ് ട്രെയിനുകള്‍ സമയനിഷ്ഠ കൃത്യമായി പാലിക്കുന്നവയാണ്. 

ജപ്പനീസ് റെയില്‍വേയുടെ ഖേദപ്രകടനം ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. ജപ്പാന്‍ ജനത പൊതുവില്‍ പുലര്‍ത്തുന്ന അച്ചടക്കത്തിന്റേയും ഉത്തരവാദിത്തതിന്റേയും മികച്ച ഉദാഹരണമായാണ് ഈ സംഭവത്തെ സോഷ്യല്‍മീഡിയ വിശകലനം ചെയ്യുന്നത്. അതേസമയം, ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും നേരത്തേയും ട്രെയിനുകള്‍ വൈകിയ സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ യാത്രക്കാരോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നുമാണ് ഒരു ജപ്പാനീസ് റെയില്‍വേ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്