ട്രെയിന്‍ അപകടം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് വിശദീകരണം തേടി

By Web DeskFirst Published Sep 20, 2016, 12:37 PM IST
Highlights

തിരുവനന്തപുരം: കരുനാഗപ്പള്ളി തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിശദീകരണം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേരളത്തിലെ റെയില്‍വെ ട്രാക്കില്‍ 238 ഇടങ്ങളില്‍ വിള്ളലുകളോ കേടുപാടുകളോ ഉണ്ടെന്നാണ് റെയില്‍വെയുടെ തന്നെ കണ്ടെത്തല്‍. ഇവിടങ്ങളില്‍ ട്രെയിനിന്റെ വേഗം കുറക്കണമെന്ന് നിര്‍ദ്ദേശവുമുണ്ട്.

സാധാരണക്കാരായ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന സംവിധാനമെന്ന നിലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ എന്തുനടപടിയെന്ന് വിശദീകരിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ നാല് ആഴ്ചക്കകം വിശദീകരണം നല്‍കണം.കറുകുറ്റി അപകടം നടന്ന് മാസം ഒന്ന് തികയും മുന്‍പെയാണ് കരുനാഗപ്പള്ളിയില്‍ വീണ്ടും തീവണ്ടി പാളം തെറ്റുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ റെയില്‍ പാളങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഓഡിറ്റിംഗ് വേണമെന്ന ആവശ്യവും ശക്തമായി. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി അറിയിച്ചു. ഇതിനിടെ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ യാത്രക്കാരുടെ ആശങ്കയും കൂട്ടുകയാണ്.

റെയില്‍ പാളത്തിന്റെ ശരാശരി ആയുസ്സ് 25 വര്‍ഷമെന്നാണ് കണക്ക്. എന്നാല്‍ കേരളത്തിലെ മിക്ക ട്രാക്കുകളും 40 വര്‍ഷത്തോളം പഴക്കമുള്ളതാണ്. സുരക്ഷാ നടപടികളിലെ വീഴ്ചയും കാലപ്പഴക്കവും അറ്റകുറ്റപണിയുടെ പോരായ്മയുമെല്ലാം അപകട കാരണവുമാണ്. പുതിയ ട്രാക്കും  സിഗ്നലിംഗ് സംവിധാനവും അടക്കം ബജറ്റ് നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല. മാത്രമല്ല റെയില്‍വെ വികസനത്തില്‍ കേന്ദ്രത്തിന്റെ നിരന്തര അവഗണനക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.

click me!