
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച അത്യാഹിതവിഭാഗ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രോമ കെയര്‍ തീവ്ര പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്.
ഡല്‍ഹി എയിംസിലെ എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജീവ് ബോയ്, അസോ. പ്രൊഫസര്‍ ഡോ. തേജ് പ്രകാശ് സിന്‍ഹ, ഡോ. ദീപക് അഗര്‍വാള്‍ എന്നീ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ആശുപത്രികളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ട്രയേജ് സംവിധാനവും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മികച്ച ട്രോമകെയര്‍ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ലെവല്‍ 1 ട്രോമ കെയര്‍ സംവിധാനവും എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടറും ട്രോമ കെയര്‍ നോഡല്‍ ഓഫീസറുമായ ഡോ. മുഹമ്മദ് അഷീല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam