തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ മരുന്ന് മാറി നല്‍കി രോഗി ഗുരുതരാവസ്ഥയില്‍

By Web DeskFirst Published Sep 17, 2017, 5:56 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര ചികിത്സ പിഴവ്. മരുന്നു മാറി നല്കിയതിനെത്തുടര്‍ന്നു രോഗി ഗുരുതരാവസ്ഥയില്‍ ആയി. സംഭവത്തെ തുടര്‍ന്ന് മരുന്നു മാറി നല്‍കിയ ഡ്യൂട്ടി നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രോഗിയ്ക്ക് ചികില്‍സക്കായി ഇതുവരെ ചെലവായ തുകയും തുടര്‍ ചികില്‍സക്കാവശ്യമായ തുകയും ആശുപത്രി വികസന സമിതി വഹിക്കാനും തീരുമാനമായി.

സാംക്രമിക രോഗ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കൊട്ടാരക്കര സ്വദേശി ബാബുക്കുട്ടന്‍ നായര്‍ക്കാണ് ദുരനുഭവം. രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനാണ് പിഴവ് സംഭവിച്ചത്. നാഡി സംബന്ധമായ രോഗത്തിന് നല്‍കേണ്ട മരുന്നിനു പകരം കടുത്ത മനോരോഗത്തിന് നല്‍കുന്ന ക്ലൊസാപിന്‍ ഗുളിക എട്ട് എണ്ണം നല്‍കി. ഇതോടെ രോഗി അബോധാവസ്ഥയില്‍ ആയി. ഉടന്‍ ഡോക്ടര്‍മാരെ അടക്കം ബന്ധപ്പെട്ടു രോഗിയ്ക്ക് അടിയന്തര ചികിത്സ നല്‍കി. ഗുരുതരാവസ്ഥയില്‍ ആയ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഡ്യൂട്ടിലുണ്ടായിരുന്ന നഴ്‌സിന് പിഴവ് പറ്റിയതായി ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചു. ഈ നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും സൂപ്രണ്ട് അറിയിച്ചു. രോഗി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിശദ അന്വേഷണത്തിന് ആര്‍ എം ഒ അധ്യക്ഷനും ഫാര്‍മക്കോളജി, ഫോറന്‍സിക് വകുപ്പ് തലവന്മാരും നഴ്‌സിങ് ഓഫിസറും അടങ്ങിയ സമിതിയേയും നിയോഗിച്ചു.

click me!