
തിരുവനന്തപുരം: വേനൽ അവധിക്കഴിഞ്ഞ് സഞ്ചാരികളുടെ തിരക്ക് അവസാനിച്ച കോവളം തീരത്ത് വീശിയടിക്കുന്ന ഓരോ തിരയിലും 'സ്വർണ്ണ നിധി'കൾ കരയ്ക്കടിയുന്നു. സ്വർണ്ണവും വെള്ളിയും നാണയ തുട്ടുകളും തേടിയുള്ള സംഘങ്ങളാണ് ഇപ്പോൾ തീരത്ത് ഉള്ളത്. കടൽത്തിരയിൽ അഞ്ച് പവന്‍റെ മാല വരെ കരയ്ക്കടിഞ്ഞു.
കടൽ കുളിയിലും തീര സൗന്ദര്യം ആസ്വദിക്കുന്നതിനുമിടയിലും നഷ്ടപ്പെട്ട വില പിടിപ്പുള്ള വസ്തുക്കളും ഇപ്പോൾ തിരികേ തീരത്തടിയുകയാണ്. മണൽപ്പരപ്പിൽ നിന്നും ഇപ്പോള്‍ സ്വർണ്ണവും വെള്ളിയും നാണയ തുട്ടുകളുമൊക്കെയാണ് ലഭിക്കുന്നത്. സീസൺ അവസാനിക്കുന്ന സമയത്ത് വെളുത്ത മണലിന് പുറത്തേക്ക് തിരകൾ നിക്ഷേപിക്കുന്നത് കറുത്ത മണലാണ് ഇതിനോടൊപ്പമാണ് കടലിൽ നഷ്ടപ്പെട്ട ആഭരണങ്ങളും നാണയങ്ങളും കരയ്ക്കടിയുന്നത്.
ഇതറിയാവുന്നവർ സംഘങ്ങളായി തിരിഞ്ഞ് കോവളത്തെ ബീച്ചുകളിൽ മണൽ അരിച്ചുപെറുക്കുകയാണ്. അഞ്ച് പവൻ ലഭിച്ച വാർത്ത പരന്നതോടെ സ്വർണ്ണ തിരകളും കാത്ത് രാവിലെ മുതൽ തന്നെ ആൾക്കാർ വന്നുകൊണ്ടിരിക്കുകയാണ്. ഉടമസ്ഥർ ആരെന്ന് അറിയാത്തതിനാൽ കിട്ടുന്ന വസ്തുക്കൾ അവരവർ തന്നെ സ്വന്തമാക്കുന്നു. സംഘമായി തിരയുന്നവർ കിട്ടുന്ന ഭാഗ്യം പങ്കിട്ടെടുക്കുകയാണ്.
ഒരു ദിവസം ഒന്നും കിട്ടിയില്ലെങ്കിലും തിരച്ചിലുകാർ നിരാശരാകാറുന്നില്ല. അവർക്കറിയാം ഇനി വരുന്ന തിര, ഭാഗ്യത്തിരയായിരിക്കുമെന്ന്. ആ പ്രതീക്ഷയിലാണ് തിരച്ചിലുകാർ. ലോട്ടറി വിറ്റ് ഭാഗ്യം തേടിയിരുന്നവരും തത്കാലം കച്ചവടം മതിയാക്കി തിരകൾ കൊണ്ടുവരുന്ന ഭാഗ്യത്തിനായി കാത്തിരിക്കുകയാണ്. വർഷകാലം തീരുന്നതുവരെ ഇത്തരം തിരച്ചിൽ സംഘങ്ങൾ തീരത്തുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam