മാസം തികയാതെ പ്രസവിച്ച ആദിവാസി യുവതിയെ കൊടുങ്കാടിന് പുറത്തെത്തിച്ചത് തലച്ചുമടായി

Published : May 19, 2017, 11:19 AM ISTUpdated : Oct 04, 2018, 05:01 PM IST
മാസം തികയാതെ പ്രസവിച്ച ആദിവാസി യുവതിയെ കൊടുങ്കാടിന് പുറത്തെത്തിച്ചത് തലച്ചുമടായി

Synopsis

റിപ്പോര്‍ട്ട്- സി.പി. അജിത

തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച് അത്യാസന്ന നിലയിലായ ആദിവാസി യുവതിയെ കൊടുങ്കാടിന് പുറത്തെത്തിച്ചത് തലച്ചുമടെടുത്ത്. മരക്കൊമ്പില്‍ ചാക്ക് കെട്ടി തലയിലേറ്റി ബന്ധുക്കള്‍ കാട്ടിലൂടെ നടന്നത് ഒരു മണിക്കൂര്‍. തിരുവനന്തപുരത്ത് കോട്ടൂര്‍ വനത്തില്‍ നിന്നാണീ ഞെട്ടിക്കുന്ന സംഭവം.

കോട്ടൂര്‍ വനത്തിനുള്ളിലെ 29 കാരിയായ ആദിവാസി യുവതിയെയാണ് ബന്ധുക്കള്‍ തലച്ചുമടായി കാടിന് പുറത്തെത്തിച്ചത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മാസം തികയാതെ പ്രസിവിച്ച കുഞ്ഞിന് തൂക്കം ഒന്നര കിലോ മാത്രം. കുഞ്ഞിന്റെയും അമ്മയുടേയും ജീവന്‍ അപകടത്തിലായതോടെയാണ് അവര്‍ യുവതിയെയും കുഞ്ഞിനെയും മരക്കമ്പില്‍ കെട്ടി കാടിന് പുറത്തേക്കെത്തിച്ചത്. പുറം ലോകത്തുനിന്ന് ഒറ്റപ്പെട്ട് കൊടുങ്കാട്ടിനകത്താണ് ആദിവാസി സെറ്റില്‍മെന്റ്.  വാഹനം കിട്ടുന്ന വഴിയിലെത്താന്‍ പോലും ഒരു മണിക്കൂര്‍ നടക്കണം. 

യുതിയുടെ നില അറിഞ്ഞ് പരുത്തിപ്പള്ളി പ്രാധമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡോക്ടറെത്തി. എന്നാല്‍ കാട്ടിനകത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. അമ്മയും കുഞ്ഞും രക്ഷപ്പെടണമെങ്കില്‍ വിദഗ്ധ ചികിത്സ തന്നെ വേണം. നടത്തിക്കൊണ്ട് പോകാവുന്ന അവസ്ഥയുമല്ല. ചുമടെടുക്കാനാണെങ്കില്‍ ഒരു കസേര പോലും എടുക്കാനുമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ട് മരക്കഷ്ണങ്ങള്‍ ചേര്‍ത്ത് കെട്ടി അതില്‍ ചാക്ക് വിരിച്ച് രോഗിയെ കിടത്തി. കല്ലും മുള്ളും കാട്ടരുവിയും വന്യമൃഗങ്ങളുമെല്ലാമുള്ള കാട്ടിലൂടെ വാഹനമെത്തുന്ന വഴി വരെ നടന്നത് ഒരു മണിക്കൂറാണ്. 

അവിടെ നിന്ന് കിട്ടിയ വണ്ടിയില്‍ കാടിന് പുറത്തേക്ക്. പിന്നെയും രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയത്. ചികിത്സക്ക് ശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതിന്റെ സംതൃപ്തി പങ്കു വച്ചപ്പോള്‍ ഡോ. ജോയ് ജോര്‍ജ്ജിന്റെ വാക്കുകളിില്‍ സന്തോഷ നിറവ്.  കോട്ടൂര്‍ വനമേഖലക്കകത്ത് 27 ഊരുകള്‍ ഉണ്ട്. 2000 ത്തോളം ആദിവസികളാണ് അവിടെ താമസിക്കുന്നത്. തൊട്ടടുത്ത് ചികിിത്സാ കേന്ദ്രം എന്ന് പറയുന്നത് കുറ്റിച്ചല്‍ പഞ്ചായത്തില്‍ പരുത്തിപ്പള്ളിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ്. അവിടെ ചെറു ചികിത്സകള്‍ കിട്ടും.

ഡോക്ടറടക്കം ആശുപത്രി ജീവനക്കാരുമായി ആദിവാസികള്‍ വലിയ അടുപ്പത്തിലുമാണ്. പക്ഷെ വിദഗ്ധ ചികിത്സ കിട്ടാന്‍ സാഹചര്യമില്ല. പ്രസവ സംബന്ധമായ പരിശോധനകള്‍ക്ക് നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറെത്തണം. അതും മാസത്തിലൊരു തവണ. ആദിവാസികള്‍ അടക്കം മലയോര നിവാസികളുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒന്നും നടന്നില്ലെന്ന് മാത്രം.  ഇനിയെങ്കിലും അധികൃതര്‍ കാണാതിരിക്കരുത് ആദിവാസികളുടെ ഈ ദുരിതം ..! 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും