മുത്തലഖ് ഭരണഘടന വിരുദ്ധമെന്ന് ഭൂരിപക്ഷ വിധി

Web Desk |  
Published : Aug 22, 2017, 11:10 AM ISTUpdated : Oct 05, 2018, 03:12 AM IST
മുത്തലഖ് ഭരണഘടന വിരുദ്ധമെന്ന് ഭൂരിപക്ഷ വിധി

Synopsis

ദില്ലി: ഒറ്റയടിക്കുള്ള മുത്തലഖ് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ഇസ്ളാമിക തത്വങ്ങൾക്ക് നിരക്കാത്ത മുത്തലഖിന് ഭരണഘടന സാധുതയില്ലെന്ന് അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. എന്നാൽ ഭരണഘടന ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ മുത്തലഖിന്‍റെ ഭരണഘടന സാധുത ശരിവെച്ചാണ് വിധി പുറപ്പെടുവിച്ചത്.

മുത്തലഖ് ഭരണഘടനവിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സ്വദേശിനിയായ സൈറാബാനു നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ തീര്‍ത്തും അസാധാരണമായി മൂന്ന് വിധി പ്രസ്താവം ഉണ്ടായി. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, റോഹിന്‍റൻ നരിമാൻ, യു യു ലളിത് എന്നിവര്‍ ഒറ്റയടിക്കുള്ള മുത്തലഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. ഇതിൽ തന്നെ മുത്തലഖിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് പ്രത്യേക വിധികൂടി പുറപ്പെടുവിച്ചു.

മുത്തലഖ് ഇസ്ളാമിക വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള പല മുസ്ളീം രാഷ്ട്രങ്ങളും മുത്തലഖ് നിരോധിച്ചപ്പോഴും എന്തുകൊണ്ട് അത് ഇപ്പോഴും ഇന്ത്യയിൽ തുടരുന്നുവെന്നും കോടതി ചോദിച്ചു. മുത്തലഖ് തുല്യത അവകാശത്തിന്‍റെ ലംഘനമാണ്. മൗലിക അവകാശത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതുവരെ കൈയ്യും കെട്ടി നോക്കിനിൽക്കാനാകില്ല. മതവിശ്വാസത്തിൽ പാപമായി നിലനിൽക്കുന്നതിനെ നിയമം മൂലം സംരക്ഷിക്കാനാകില്ലെന്ന നിരീക്ഷണം ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിധി മുന്നോട്ടുവെക്കുന്നു.

അതേസമയം അഞ്ചംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാറും ജസ്റ്റിസ് അബ്ദുൾ നസീറും മത വിശ്വാസത്തിന്‍റെ ഭാഗമായ മുത്തലഖിന് ഭരണഘടന പരിരക്ഷയുണ്ടെന്ന വിധിയാണ് പുറപ്പെടുവിച്ചത്. മുത്തലഖ് ഭരണഘടന വിരുദ്ധമല്ലെന്നും പറഞ്ഞു. ആറുമാസത്തേക്ക് മുത്തലഖ് പ്രകാരമുള്ള വിവാഹ മോചനം പാടില്ലെന്ന് വിധിച്ച ഈ ജഡ്ജിമാര്‍ ആറുമാസത്തിനുള്ളിൽ മുസ്ളീം സമുദായത്തിലെ വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

അതേസമയം അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ മുത്തലഖിനെതിരെ വിധി ഇറക്കിയ സാഹചര്യത്തിൽ അതായിരിക്കും അന്തിമവിധിയായി പരിഗണിക്കാനാവുക. മൂന്നുതരം തലാക്കുകളിൽ ഒറ്റയടിക്കുള്ള മുത്തലഖ് മാത്രമാണ് സുപ്രീംകോടതി വിധിയോടെ റദ്ദാകുന്നത്. 1400 വര്‍ഷമായി മുസ്ളീം സമുദായം തുടരുന്ന വിശ്വാസത്തിന്‍റെ ഭാഗമാണ് മുത്തലഖെന്നും അതിൽ കോടതി ഇടപെടരുതെന്നുമുള്ള മുസ്ളീം വ്യക്തിനിയമ ബോര്‍ഡിന്‍റെ വാദങ്ങൾ ഭൂരിപക്ഷ ജഡ്ജിമാര്‍ തള്ളി. അ‍ഞ്ച് വിവിധ മത വിഭാഗങ്ങളിൽപ്പെട്ട ജഡ്ജിമാര്‍ക്ക് കേസിൽ ഏകാഭിപ്രായത്തിൽ എത്താനായില്ല എന്നത് ശ്രദ്ധേയമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ