സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് റഷ്യ

By Web DeskFirst Published Apr 14, 2018, 8:49 AM IST
Highlights
  • സിറിയയിൽ അമേരിക്ക വ്യോമാക്രമണം നടത്തി

വാഷിങ്ടണ്‍: സിറിയയിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബ്രിട്ടണും ഫ്രാൻസിനുമൊപ്പമാണ് അമേരിക്കയുടെ സൈനിക നടപടി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ വാർത്ത സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ്, രാസായുധ സംഭരണ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പു നല്‍കി. അതേസമയം കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങള്‍ സിറിയക്കെതിരെ പടയൊരുക്കം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വ്യോമാക്രമണമത്തിന് പിന്നാലെ പുതിയ ആക്രമണ സാധ്യത നല്‍കി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയല്‍ കടലില്‍  നങ്കൂരമിട്ടതായും വാര്‍ത്തയുണ്ടായിരുന്നു.  മധ്യപൂര്‍വേഷ്യയില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്.  സിറിയക്ക് നേരെ ഏല്ലാത്തരം സൈനിക നടപടികളും മുന്നിലുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള വ്യോമാക്രമണം. 

മിസൈല്‍ തൊടുക്കാനാവുന്നതും,  മിസൈല്‍വേധ ശേഷിയുള്ളതുമായ ഡോണള്‍ഡ് കുക്ക് വിഭാഗത്തിലെ രണ്ട് കപ്പലുകളാണ് മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൂടുതല്‍ പടക്കപ്പലുകളും അന്തര്‍വാഹിനികളും മേഖലയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.

വിമത കേന്ദ്രമായ കിഴക്കന്‍ ഘൗട്ടയില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ ആക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായരുന്നു. വിമതര്‍ക്ക് നേരെ നേരത്തെയും രാസായുധ പ്രയോഗം നടത്തയതായും വാര്‍ത്തയുണ്ടായിരുന്നു. അതേസമയം ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിസം മാറ്റിസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിരച്ചടിക്കുമെന്ന് വ്യക്തമാക്കിയ റഷ്യയുടെ പ്രത്യാക്രമണം എങ്ങനെയാകുമെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.

click me!