ആഫ്രിക്കന്‍ രാജ്യങ്ങളെ പരസ്യമായി 'തെറി' വിളിച്ച് ട്രംപ്

By Web DeskFirst Published Jan 12, 2018, 4:39 PM IST
Highlights

വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റ നിയമ പരിഷ്കാരങ്ങള്‍ക്കായി എം.പിമാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് ട്രംപ് വീണ്ടും വിവാദത്തിലായത്.

പ്രസിഡന്റായി ചുമതലയേറ്റ നാള്‍ മുതല്‍ കുടിയേറ്റക്കാര്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുന്ന ട്രംപിനെ ഇക്കുറി വെട്ടിലാക്കിയത് സ്വന്തം നാക്കാണ്. കുടിയേറ്റ ചര്‍ച്ചക്കിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്ത്തിക്കും സാല്‍വദോറിനും എതിരെ നടത്തിയ പരാമര്‍ശമാണ് ട്രംപിനെ വിവാദത്തിലാക്കിയിരിക്കുന്നത്. ഈ 'വൃത്തികെട്ട രാജ്യക്കാര്‍' (Shithole Countries) എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് എന്നായിരുന്നു ട്രംപിന്റെ ചോദ്യം. അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിട്ടുണ്ട്. 

പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളിപ്പറയാതിരുന്ന വൈറ്റ്ഹൗസ് അമേരിക്കന്‍ ജനതയുടെ താത്പര്യമാണ് ട്രംപ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ ഹെയ്ത്തികാര്‍ മുഴുവന്‍ എയ്ഡ്‍സ് വാഹകരാണെന്ന പ്രസ്താവന ട്രംപിനെ വിവാദത്തിലാക്കിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ പുതിയ വിവാദ പരാമര്‍ശം രൂക്ഷവിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. എന്നാല്‍ ട്രംപ് ഇതിന് മറുപടി പറഞ്ഞിട്ടില്ല. ഇതിനിടിയില്‍ ഇറാനെതിരായ പുതിയ നയം ട്രംപ് ഇന്ന് പ്രഖ്യാപിക്കും. ആണവ നയത്തിന്‍റെ പേരില്‍ ഇറാനെതിരായ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അമേരിക്കയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കും. 

 

click me!