ട്രംപിന്റെ വൈറ്റ് ഹൗസ് സംഘത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു

By Web DeskFirst Published Nov 16, 2016, 4:00 PM IST
Highlights

ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ്ഹൗസ് സംഘത്തെച്ചൊല്ലി തര്‍ക്കം തുടരുകയാണെന്ന് സൂചന.  ട്രംപിന്റെ മകളുടെ ഭര്‍ത്താവാണ് ചരടുവലികള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

സംഘാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ ചുമതല ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയില്‍നിന്ന് മാറ്റി നിയുക്തവൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് നല്‍കിയതായിരുന്നു തുടക്കം. അതിനുപിന്നില്‍ ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജാരെഡ് കുഷ്‌നെര്‍ എന്നാണ് അരമനരഹസ്യം. കുഷ്‌നെറുടെ അച്ഛനെ നികുതിവെട്ടിപ്പുള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്ത് ശിക്ഷിച്ച കാലത്ത് ക്രിസ് ക്രിസ്റ്റിയായിരുന്നു ന്യൂജേഴ്‌സി ഗവര്‍ണര്‍. ക്രിസ് ക്രിസറ്റിയുടെ സ്ഥാനചനത്തിന് കാരണം അതാണെന്നാണ് ഊഹം. പിന്നെ സ്ഥാനം തെറിച്ചത് ദേശീസുരക്ഷാച്ചുമതല വഹിച്ചിരുന്ന മൈക്ക് റോജേഴ്‌സിന്റേതാണ്. സഭാ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന റോജേഴ്‌സ് ക്രിസ് ക്രിസ്റ്റിയുടെ സുഹൃത്തായിരുന്നു. റോജേഴ്‌സിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ മാത്യു ഫ്രീഡ്മാനും പുറത്തായി. എന്നാല്‍ എല്ലാം തന്റെ നിയന്ത്രണത്തിലാണെന്നാണ് ട്രംപിന്റെ പക്ഷം. നിയുക്ത പ്രസിഡന്റെ സംഘത്തില്‍ ഇടംനേടുന്നവര്‍ക്ക് വിശ്വസ്തത മാത്രമാണ് വേണ്ടുന്ന ഗുണമെന്നും കഴിവല്ലെന്നും ഇതിനകംതന്നെ റിപബ്ലിക്കന്‍ ബുദ്ധിജീവികള്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിനിടെ മക്കള്‍ക്കും മരുമകനും പ്രസിഡന്റിന് മാത്രം അറിയാന്‍ കഴിയുന്ന സുരക്ഷാരഹസ്യങ്ങളെല്ലാം കൈമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ അങ്ങനെയൊരു ആവശ്യം ഒരു പ്രസിഡന്റും ഉന്നയിച്ചിട്ടില്ല. അതും കുടുംബാംഗങ്ങള്‍ക്കുമുഴുവന്‍. എല്ലാംകൊണ്ടും സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദന കൂടുമെന്ന് ചുരുക്കം.

click me!