ഖത്തര്‍ പ്രശ്നപരിഹാരത്തിനായി തുര്‍ക്കിയും കുവൈത്തും ഇടപെടുന്നു

By Web DeskFirst Published Jun 6, 2017, 7:35 AM IST
Highlights

ദോഹ: ഖത്തര്‍ പ്രശ്നപരിഹാരത്തിനായി തുര്‍ക്കിയും കുവൈത്തും ഇടപെടുന്നു. തുര്‍ക്കി പ്രസിഡന്റുമായി കുവൈത്ത് അമീര്‍ ഫോണില്‍ സംസാരിച്ചു. പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്നലെയാണ് പ്രമുഖ ഗള്‍ഫ് രാഷ്‌ടങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്

സൗദി അറേബ്യയും യു.എ.ഇ യും ബഹ്‌റൈനും ഉള്‍പെട്ട ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തിയെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിരവധി രാജ്യങ്ങള്‍. ഖത്തറുമായി നല്ല ബന്ധം പുലര്‍ത്തുന്ന  തുര്‍ക്കിയുടെയും കുവൈറ്റിന്റെയും ഒമാന്റെയും പിന്തുണ നിര്‍ണായകമാകുമെന്നാണ് സൂചന. ഒമാന്‍, ഇറാന്‍, മലേഷ്യ, എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഖത്തര്‍ വിദേശ കാര്യാ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ചു. ഗള്‍ഫ് നാടുകളുടെ ഐക്യ ശ്രമങ്ങള്‍ക്ക് പിന്തുണ ഉണ്ടായിരിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി.

ഖത്തറിലുള്ള തങ്ങളുടെ സൈനിക കേന്ദ്രം സുരക്ഷിതമാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. വിമാന യാത്ര മുടങ്ങിയവര്‍ക്ക്  മേഖലയിലെ മറ്റു വിമാന സര്‍വീസുകളില്‍ യാത്രക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവരികയാണെന്ന് ഹമദ് അന്തരാഷ്‌ട്ര വിമാനത്താവളത്തിലെ ടൂറിസം വിഭാഗം പ്രതിനിധി സയീദ് അല്‍ഹാജിരി അറിയിച്ചു. ഗള്‍ഫില്‍ ചൂട് ശക്തമായതിനാല്‍ വേനലവധി ചിലവഴിക്കാന്‍  മിക്ക ഖത്തരി പൗരന്മാരും ഗള്‍ഫ് നാടുകളെക്കാള്‍ ആശ്രയിക്കുന്നത് പാശ്ചാത്യന്‍ രാജ്യങ്ങളെയാണെന്നും അയല്‍ രാജ്യങ്ങളിലേക്കുള്ള വിമാന കമ്പനികളുടെ ഉപരോധം ഖത്തറിനെ കാര്യമായി ബാധിക്കില്ലെന്നും സയീദ് അല്‍ഹാജിരി അവകാശപ്പെട്ടു.

click me!