'ജമാൽ ഖഷോഗിയെ കൊന്നത്'; സൗദിയെ ആക്രമിച്ച് തുർക്കി പ്രസിഡന്‍റ് എർദോഗൻ

By Web TeamFirst Published Nov 3, 2018, 7:54 AM IST
Highlights

സൽമാൻ രാജാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റ് ചില ഉന്നതർ അറിഞ്ഞ് തന്നെയാണ് കൊലപാതകമെന്ന് എർദോഗൻ പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് എർദോഗന്‍റെ ആരോപണം

ഇസ്താംബുള്‍: ജമാൽ ഖഷോഗിയെ സൗദി കൊന്നതാണെന്ന് നേരിട്ട് ആരോപണമുന്നയിച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വെയിബ് എർദോഗൻ. സൽമാൻ രാജാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റ് ചില ഉന്നതർ അറിഞ്ഞ് തന്നെയാണ് കൊലപാതകമെന്നും എർദോഗൻ പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് എർദോഗന്‍റെ ആരോപണം.

കൊലയാളികൾ പിടിയിലായ 18 പേരാകാം. പക്ഷേ, കൊന്നത് സൗദി ഭരണാധികാരികളിൽ ഉന്നതരായ ചിലരുടെ ആജ്ഞ പ്രകാരമാണെന്നും എർദോഗൻ പറയുന്നു. ജമാൽ ഖഷോഗിയുടെ മരണത്തിൽ ദുരൂഹത തുടരുമ്പോഴാണ് സൗദിയെ നേരിട്ടാക്രമിച്ച് എർദോഗൻ രംഗത്ത് വന്നിരിക്കുന്നത്.

ജമാൽ ഖഷോഗി ഒരു കാലത്ത് പ്രവർത്തിച്ച വാഷിംഗ്ടൺ പോസ്റ്റിലാണ് എർദോഗന്‍റെ വിമർശനം. സൗദിയുടെ അന്വേഷണത്തിലും എർദോഗൻ അതൃപ്തി രേഖപ്പെടുത്തി. കോൺസുലേറ്റ് ജനറലിനെതിരെ സൗദി നടപടിയെടുക്കാത്തതും പബ്ലിക് പ്രോസിക്യൂട്ടറുടെ നിസഹകരണവുമെല്ലാം അക്കമിട്ട് നിരത്തിയാണ് എർദോഗന്‍റെ വിമർശനം.

സൗദിയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന സൂചനയും എർദോഗൻ നൽകുന്നു. സൽമാൻ രാജാവിന് സംഭവത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എർദോഗൻ കുറിച്ചു. ഇതിനിടെ ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കിയിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ, ജമാൽ ഖഷോഗിയെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ കൊല്ലുകയായിരുന്നെന്ന് തുർക്കി ആരോപിച്ചിരുന്നു. തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ  സൗദി കോൺസുലേറ്റിലേക്ക് ഖഷോഗി എത്തിയതിന് പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടെന്ന് തുർക്കി പുറത്തിറക്കിയ ഔദ്യോഗിക പ്രതികരണത്തിലാണ് വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം രണ്ടിനാണ് സൗദി രാജകുമാരന്‍റെ കടുത്ത വിമർശകനായ ജമാൽ ഖഷോഗി തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടത്. 

click me!