
ദുബായ്: ഈ വര്‍ഷത്തെ ഭൗമ മണിക്കൂര്‍ ആചരണത്തോടനുബന്ധിച്ച് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും (ആര്‍.ടി.എ) ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയും (DEWA) ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കണക്ട് ടു എര്‍ത്ത് (Connect2Earth) എന്ന തലക്കെട്ടില്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഭൗമ മണിക്കൂര്‍ ആചരണം.
വിവിധ സ്ഥലങ്ങളിലെ 1433 തെരുവ് വിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഓഫ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് സ്ട്രീറ്റ്, അല്‍ സാദഃ സ്ട്രീറ്റ്, ബൊലേവാദ് സ്ട്രീറ്റ് (ബുര്‍ജ് ഖലീഫ), അല്‍ മംസാര്‍ ബീച്ച് സ്ട്രീറ്റ്, ഷിന്ദഗ ഹെറിറ്റേജ് വില്ലേജിലെ പാര്‍ക്കിങ് ലോട്ട്, അല്‍ ഖലീജ് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് വിളക്കുകള്‍ അണയ്ക്കുന്നത്. ജുമൈറ ഉല്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഈ ഒരു മണിക്കൂര്‍ നിയന്ത്രണം കൊണ്ട് 683.7 കിലോവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍, ഹൈട്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന ടാക്സികള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ആര്‍.ടി.എ ആസ്ഥാനത്തെയും ഉമ്മുല്‍ റമൂലിലെ ഉപഭോക്തൃ സേവനകേന്ദ്രത്തിലെയും ലൈറ്റുകളും എയര്‍ കണ്ടീഷണറുകളും ഓഫ് ചെയ്യും. വിവിധ മെട്രോ സ്റ്റേഷനുകള്‍ മെയിന്റനന്‍സ് മോഡിലേക്ക് മാറും. ചില കൻവെയര്‍ ബെല്‍റ്റുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. എല്ലാം കൂടി ഒരു മണിക്കൂര്‍ കൊണ്ട് 10,000 കിലോ വാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന തരത്തിലാണ് ഭൗമ ദിനാചരണ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam