
ദില്ലി: ഉത്തർപ്രദേശിലെ സാംബാല്‍ ജില്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആരം സിങ്, കുനവാർ പൽ എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളാണ് അക്രമികൾ എന്ന് പൊലീസ് അറിയിച്ചു.
കേസിൽ പൊലീസിന്റെ വീഷ്ചയും അന്വേഷണ പരിധിയിലാണ്. സംഭാലിലെയും പരിസര പ്രദേശങ്ങളിലെയും ഒറ്റപ്പെട്ട വീടുകളും കടമുറികളും പൊലീസ് റെയ്ഡ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യുവതി ബലാത്സംഗത്തിനിരയായെന്ന കാര്യം ഉറപ്പിക്കാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.
ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം. വീട്ടിൽ കുഞ്ഞുങ്ങളൊടൊപ്പം ഉറങ്ങുകയായിരുന്ന 35കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം ബലാത്സംഗം ചെയ്തു. അക്രമികൾ പോയപ്പോൾ പൊലീസ് ഹെൽപ് ലൈൻ നമ്പറിലേക്ക് യുവതി പലവട്ടം വിളിച്ചെങ്കിലും സഹായം കിട്ടിയില്ല. ഒടുവിൽ ബന്ധുവിനെ വിളിച്ച് വിവരം അറിയിച്ചു. പ്രതികളുടെ പേരടക്കം യുവതി പറയുന്ന ഫോൺ സംഭാഷണം പൊലീസിന് കിട്ടിയിരുന്നു. ഇതിനിടെ മടങ്ങിയെത്തിയ അക്രമിസംഘം യുവതിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു.
കനത്ത മഴയുണ്ടായിരുന്ന സമയത്ത് അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച കയറുകയായിരുന്നുവെന്ന് ഓഡിയോ ക്ലിപില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് പ്രകാരം അരാം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതിയെ ശല്യം ചെയ്തിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam