
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍, ആലപ്പുഴ കെഎസ്ആര്‍ടി സ്റ്റാന്‍ഡിന് സമീപം നിന്നും കഞ്ചാവും, ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊല്ലം തിരുമുല്ലവാരം സ്വദേശി ആകാശ് (24), കരുനാഗപ്പള്ളി, വടക്കുംതല സ്വാദേശി അമല്‍ ജി.രവി (21) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 112 ഗ്രാം കഞ്ചാവും 41 ലഹരി സ്റ്റാമ്പുകളും പിടിച്ചെടുത്തു. ബസ്റ്റാന്റിന് സമീപം നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ബാഗ് കഞ്ചാവ് ചെടികളുടെ അസംസ്‌കൃത വസ്തുക്കളാല്‍ നിര്‍മ്മിതമായ ചണം കൊണ്ട് നേപ്പാളില്‍ നിര്‍മ്മിച്ചതാണെന്ന് കാണുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയിലാ കഞ്ചാവും എല്‍എസ്ഡി എന്ന് സംശയിക്കുന്ന സ്റ്റാമ്പുകളും കണ്ടെത്തിയത്.
ലൈസര്‍ജിക് അസിഡ് ഡൈതലമൈഡ് അഥവ എല്‍എസ്ഡി എന്നത് സ്റ്റാമ്പ് രൂപത്തിലുള്ളതും സ്റ്റാമ്പ്, ആസിഡ്, സാള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതുമായ ഒരു സിന്തറ്റിക്ക് ഡ്രഗ് ആണ്. ഒരു സ്റ്റാമ്പിന് ആയിരത്തിലധികം രൂപ വിപണി വിലയുള്ള ഇത് ദീര്‍ഘനേരത്തെ ലഹരിയ്ക്കായി ഉപയോഗിക്കുന്ന ഒന്നാണ് ഒരുതവണത്തെ ഉപയോഗം പോലും കടുത്ത മനസിക വിഭ്രാന്തിയിലേയ്ക്ക് എത്തിക്കുന്ന ഇത് അറിയപ്പെടുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും അപകടകാരിയായിട്ടുള്ള ഒന്നാണ്.
ആലപ്പുഴയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കേസ് എക്‌സൈസ് കണ്ടെത്തുന്നത്. ബാംഗളൂരു, ഗോവ, ഡല്‍ഹി ഹിമാച്ചല്‍പ്രദേശ് എന്നിവടങ്ങളില്‍ സ്ഥിരമായി യാത്രചെയ്യുകയും, എഞ്ചിനീയറിങ്ങ് ബിരുദധാരിയുമായ ആകാശ് ഗോവയിലുള്ള സുഹൃത്തുക്കളീല്‍ നിന്നും സ്ഥിരമായി കഞ്ചാവും ലഹരി വസ്തുക്കളും കേരളത്തില്‍ എത്തിച്ച് സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്ത് വരികയാണെന്നും, ഇയാളില്‍ നിന്നും പിടികൂടിയ സ്റ്റാമ്പുകള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ അറിയുവാന്‍ കഴിയൂവെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
പിടികൂടിയ രണ്ടാമെത്തെയാള്‍ അമല്‍ ജി രവി സൗണ്ട് എഞ്ചിനീയറാണെന്നും കൊല്ലത്ത് നിന്നും അംഗമാലിയ്ക്ക് പോകുന്നതിനാണ് ആലപ്പുഴയില്‍ എത്തിയതെന്നും പറയുന്നു. ഇയാളുടെ ബാഗില്‍ നിന്നും 60 ഗ്രാം കഞ്ചാവും കഞ്ചാവ് വലിയ്ക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ രണ്ട് പേരേയും ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam