രണ്ട് എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

By Web DeskFirst Published Apr 29, 2018, 9:36 PM IST
Highlights
  • അഹമ്മദ് നഗറിൽ രണ്ട് എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു
  • പിന്നിൽ ശിവസേനയെന്ന് പൊലീസ് നിഗമനം
  • സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ രണ്ട് എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു. പാ‍ർട്ടിയുടെ യുവജന നേതാവ് യോഗേഷ് റാലെബത്ത്, ബന്ധു അർജുൻ റാലെ ബത്ത് എന്നിവരാണ് മരിച്ചത്. പ്രദേശത്തെ ശിവസേന പ്രവർത്തകരുടെ കൊലപാതകവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് പുലർച്ചെ അഹമ്മദ് നഗറിൽ വീടിനു സമീപത്തുള്ള ചായക്കടയുടെ മുന്നിൽ ഇരിക്കുമ്പോഴാണ് ഇരുവർക്കും വെടിയേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘം എട്ടുതവണ നിറയൊഴിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യോഗേഷ് റാലെബത്ത് എൻസിപിയുടെ യുവജന വിഭാഗം നേതാവാണ്. ഇയാളുടെ ബന്ധുവും പ്രാദേശിക പാർട്ടി പ്രവർത്തകനുമാണ് അർജുൻ റാലെബത്ത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.

ഈ മാസം 7 ന് അഹമ്മദ്‌നഗറില്‍ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചിരുന്നു. തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെയാണ് സഞ്ജയ് കോത്കര്‍, ആനന്ദ് തുബെ എന്നിവർ കൊല്ലപ്പെട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട് എന്‍സിപി എംഎല്‍എയടക്കം നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 

 

 

click me!