പത്ത് കിലോ കഞ്ചാവുമായി മോഷണക്കേസുകളിലെ പ്രതികളായ യുവാക്കള്‍ പിടിയില്‍

By Web DeskFirst Published Apr 5, 2018, 8:16 PM IST
Highlights
  • പിടിയിലായവര്‍ മോഷണക്കേസുകളിലും പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കള്‍ പിടിയില്‍. മാവൂരില്‍ നിന്നും കോഴിക്കോട് നഗരത്തില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. മലപ്പുറം കോട്ടക്കല്‍ പുതുക്കിടിവീട്ടില്‍ നിസാമുദ്ദീന്‍ നെ ഏഴ് കിലോ കഞ്ചാവുമായി മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

മൂന്ന് കിലോ കഞ്ചാവുമായി മലപ്പുറം വാഴക്കാട് മുണ്ടുമുഴു വീട്ടില്‍ അനസ് ടൗണ്‍ പോലീസിന്‍റെ പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാള‍് അറസ്റ്റിലാകുന്നത്. ആന്ധ്രയില്‍ നിന്നാണ് ഇവരും കൂട്ടാളികളും ചേര്‍ന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങളിലും തീവണ്ടി മാര്‍ഗവുമാണ് സംഘത്തിന്‍റെ കഞ്ചാവ് കടത്തെന്ന് പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്പെഷ്യല്‍ സ്ക്വാഡ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ സാധാരണ ഫോണ്‍ കോളുകള്‍ക്ക് പകരം ഇന്‍റര്‍നെറ്റ് കോളുകള്‍ വഴിയാണ് സംഘം ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരുന്നത്.  രണ്ട് പേരും മോഷണം, മാലപൊട്ടിക്കല്‍, ഭവന ഭേദനം തുടങ്ങിയ കേസുകളില്‍ പ്രതികളായിരുന്നു. നിസാമുദ്ദീന്‍റെ പേരില്‍ കര്‍ണാടകയിലും കേസുകളുണ്ട്. മലപ്പുറം നഗരത്തിലെ ഒരു ഷോറൂമില്‍ നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

click me!