നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലെ ടയര്‍ മോഷ്ടിക്കുന്ന സംഘത്തലവന്‍ പിടിയില്‍

By Web DeskFirst Published Nov 20, 2017, 11:01 PM IST
Highlights

അന്തര്‍ സംസ്ഥാന ടയര്‍ മോഷണ സംഘത്തിലെ പ്രധാനി പിടിയില്‍. ഗൂഢല്ലൂര്‍ സ്വദേശി അക്ബര്‍ അലിയാണ് കാലടി പൊലീസിന്റെ പിടിയിലായത്. ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ടയറുകളാണ് ഇയാളുള്‍പ്പെട്ട സംഘം മോഷ്‌ടിച്ചിരുന്നത്.

കാലടി മരോട്ടിച്ചുവടില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിലര്‍ ലോറിയുടെ ടയറുകള്‍ മോഷ്ടിച്ച കേസിലാണ് അക്ബറിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുള്‍പ്പെട്ട മോഷണ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ദേശീയ - സംസ്ഥാന പാതകളില്‍ നിര്‍ത്തിയിടുന്ന ട്രെയിലറുകളുടെയും, മറ്റു വലിയ വാഹനങ്ങളുടെയും ടയറുകള്‍ മോഷ്‌ടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് ഗൂഢല്ലൂര്‍ സ്വദേശിയാണ് പിടിയിലായ  അക്ബര്‍. കേരളത്തിലും തമിഴ്നാട്ടിലും  നിരവധി മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍ .

കമ്പത്ത് നിന്ന് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പച്ചക്കറി കയറ്റി വരുന്ന വാഹനത്തിന്റെ  ഡ്രൈവറായ പ്രതി ലോഡ് ഇറക്കി തിരികെ പോകും വഴിയാണ് മോഷണം നടത്തിയിരുന്നത്. ഈ സമയം വിജനമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തി സംഘമായെത്തി  മോഷ്ടിക്കും. ടയറുകള്‍  തമിഴ്നാട്ടിലെ എത്തിച്ചാണ് വില്‍ക്കുന്നത്.  തേനി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘത്തെകുറിച്ച് വിവരം ലഭിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളില്‍ നടത്തിയ ടയര്‍ മോഷണങ്ങള്‍ക്ക് പുറമെ ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇയാള്‍ ബുള്ളറ്റ് മോഷ്‌ടിച്ചതായും പൊലീസിന് വിവരം ലഭിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

click me!