ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നു, മോദി നടപടിയെടുക്കുന്നില്ല- യു.എസ് റിപ്പോര്‍ട്ട്

By Web DeskFirst Published May 31, 2018, 11:13 AM IST
Highlights
  • ന്യൂനപക്ഷം അക്രമത്തിനിരയാവുകയാണ്
  • കൊലപാതകവും അക്രമവും നടന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല

ദില്ലി: മതത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് യു.എസ് രാജ്യാന്തര മതസ്വാതന്ത്ര്യ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) റിപ്പോര്‍ട്ട്. ഇന്ത്യയിലെ ന്യൂനപക്ഷം അക്രമത്തിനിരയാവുകയാണ്. അതിന്‍റെ പേരില്‍ കൊലപാതകവും അക്രമവും നടന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ വര്‍ഗീയ കലാപങ്ങള്‍ കൂടുതലാണ്. സംഭവങ്ങളെക്കുറിച്ച് അപലപിക്കുന്നുവെന്ന് പറയുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരെ മോദിയോ, സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ല. 

മാത്രമല്ല ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. മോദിയുടെ പാര്‍ട്ടിയില്‍ തന്നെയുള്ളവര്‍ മതന്യൂനപക്ഷത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ് അടക്കമുള്ളവരെ പരാമര്‍ശിച്ച് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ വ്യാപകമായി അക്രമത്തിനിരയാവുന്നതിനെ കുറിച്ചും മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീംകോടതി നടത്തിയ മികച്ച ഇടപെടലാണ് ഹാദിയാ കേസിലേത്. 

ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കുന്ന വ്യക്തികള്‍ക്ക് യു.എസ്സിലേക്ക് വിസ അനുവദിക്കാതിരിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും യു.എസ്.സി.ഐ.ആര്‍.എഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

click me!