ഐ.എസ് ബന്ധം: അഞ്ച് ഇന്ത്യക്കാരെ യുഎഇ തിരിച്ചയച്ചു

By Web DeskFirst Published Mar 1, 2018, 7:08 PM IST
Highlights
  • സംശയകരമായ ചില ഫോണ്‍ കോളുകള്‍ ചോര്‍ത്തി കൊണ്ട് യുഎഇ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.

ദുബായ്: തീവ്രവാദി ബന്ധം ആരോപിച്ച് പിടികൂടിയ അഞ്ച് ഇന്ത്യക്കാരെ യുഎഇ ദില്ലിയിലേക്ക് ഡീപോര്‍ട്ട് ചെയ്തു. അബുദാബി വിമാനത്താവളം വഴി ഇന്ത്യയിലെത്തിയ ഇവര്‍ ഇപ്പോള്‍ കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ കസ്റ്റഡിയിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യുഎഇ നാടുകടത്തിയവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശി റെഹാന്‍ അബീദിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  രണ്ടു പേര്‍ മുംബൈയില്‍ നിന്നുള്ളവരും രണ്ടു പേര്‍ ചെന്നൈ സ്വദേശികളുമാണ്. അഞ്ച് പേരും 20-നും 25-നും മധ്യേ പ്രായമുള്ളവരാണെന്നും തമ്മില്‍ പരിചയമുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംശയകരമായ ചില ഫോണ്‍ കോളുകള്‍ ചോര്‍ത്തി കൊണ്ട് യുഎഇ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. നാട്ടില്‍ നിന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത് ഇന്ത്യയ്‌ക്കെതിരായി ഒരു പോരാട്ടം നയിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ ഉന്നതനേതൃത്വവുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. 

ഫിബ്രുവരിയില്‍ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തലവനായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹയാനുമായി നടത്തിയ ചര്‍ച്ച നടത്തുകയും തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
 

click me!