യുഎഇ ഖോര്‍ഫഖാനില്‍ മോഷണം നടത്തിയ മലയാളിക്കായി തെരച്ചില്‍

By Web DeskFirst Published Aug 16, 2017, 12:05 AM IST
Highlights

ദുബായ്: ഖോര്‍ഫഖാനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ മലയാളിയെ യുഎഇ പൊലീസ് തെരയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ടുമാസം മുമ്പ് ഖോര്‍ഫഖാനിലെ തന്റെ സൂപ്പര്‍മാര്‍ക്കറ്റ് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ എന്നയാള്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതുകണ്ട് കടയെടുക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞാണ് കണ്ണൂര്‍ പാപ്പിനശ്ശേരി സ്വദേശി മുഹമ്മദ് ബഷീര്‍ മുസ്തഫയെ ഫോണിലൂടെ ബന്ധപ്പെട്ടത്. തുടര്‍ന്ന്  സൂപ്പര്‍മാര്‍ക്കറ്റ് കണ്ട അദ്ദേഹം താന്‍ എടുത്തോളാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ ഒരു നിബന്ധന അദ്ദേഹത്തിനുണ്ടായിരുന്നു പ്രതിമാസം എത്ര ദിര്‍ഹമിന്റെ കച്ചവടം നടക്കുമെന്ന് അറിയണം. അതിനായി ഒരുമാസം കടയില്‍ നില്‍ക്കാനുള്ള താല്‍പര്യം അറിയിച്ചു. എങ്ങനെയെങ്കിലും സൂപ്പര്‍മാര്‍ക്കറ്റ് വില്‍ക്കാനുള്ള ശ്രമത്തിനിടെ മുസ്തഫ സമ്മതം മൂളി. അങ്ങനെ കഴിഞ്ഞമാസം നാലിന് മുഹമ്മദ് ബഷീര്‍ കടയിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കടയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ഇയാള്‍ ആരെയും ആകര്‍ഷിക്കുംവിധം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്ന് മുസ്തഫ പറഞ്ഞു. മുസ്തഫയും ഉഹമ്മദ് ബഷീറും സൂപ്പര്‍മാര്‍ക്ക്റ്റിലെ മറ്റു ജീവനക്കാരെല്ലാം ഒരേസ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. രാവിലെ കടതുറക്കുന്നത് മുതല്‍ അടക്കുന്നതുവരെയുള്ള കാര്യങ്ങള്‍ മുഹമ്മദ് ബഷീര്‍ നിരീക്ഷിച്ചു വച്ചു. അതാതു ദിവസത്തെ വരുമാനം മുസ്തഫ സൂക്ഷിച്ച് വയ്ക്കുന്ന സ്ഥലവും മനസ്സിലാക്കി. കഴിഞ്ഞമാസം ഇരുപത്തിയഞ്ചാം തിയതി കടയിലെത്തിയപ്പോഴാണ് മുസ്തഫ തന്റെ അറുപത്തി അയ്യായിരം ദിര്‍ഹം നഷ്ടമായ വിവരമറിഞ്ഞത്. കടയുടെ ലൈസന്‍സ് പുതുക്കാന്‍ സ്‌പോണ്‍സര്‍ക്കു നല്‍കാന്‍വച്ച തുകയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്ന് സിസി ടിവി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ബഷീര്‍ കടയില്‍ നിന്ന് കാശുമെടുത്ത് രക്ഷപ്പെടുന്നതായി കണ്ടത്. തുടര്‍ന്ന് യുഎഇയിലെ മുഹമ്മദിന്റെ ബന്ധുക്കളെ വിവരമറിയിച്ചു. തിരിച്ചു തരാന്‍ വഴിയുണ്ടാക്കാമെന്നു പറഞ്ഞെങ്കിലും പിന്നീടവര്‍ നിലപാട് മാറ്റി ഇതേ തുടര്‍ന്നാണ് മുസ്തഫ സിസിടിവി ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതു കണ്ട് ഖത്തറില്‍ നിന്നടക്കം നേരത്തെ സമാനരീതിയില്‍ ബഷീറിന്റെ തട്ടിപ്പിനിരയായ നിരവിപേര്‍ രംഗതെത്തി. സംഭവത്തില്‍ ഖോര്‍ഫക്കാന്‍പോലീസ് അന്വേഷണം ആരംഭിച്ചു.

click me!