
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കൊമേഴ്സ്യല്‍ കനാല്‍ത്തീരത്തെ കല്ലുപാലത്തിന് സമീപമുള്ള രാജാ കേശവദാസന്‍ പാര്‍ക്കില്‍ നടത്തുന്ന പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവാദത്തില്‍. കെ.സി.വേണുഗോപാല്‍ ആലപ്പുഴ എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ ആലപ്പുഴ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച പാര്‍ക്ക് വര്‍ഷങ്ങളായി അധികൃതരുടെ അവഗണനയിലായിരുന്നു.
അന്ന് ടൂറിസം മന്ത്രിയായിരുന്ന കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത പാര്‍ക്ക് ആദ്യനാളുകളില്‍ ജനങ്ങളെ ആകര്‍ഷിച്ചെങ്കിലും പിന്നീട് ഇവിടം സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറി. പാര്‍ക്കിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ പാര്‍ക്ക് നവീകരിക്കാന്‍ നടപടിയായി.
ഇതിന്റെ ഭാഗമായി പാര്‍ക്കിന്റെ നാലിലൊന്നോളം ഭാഗത്ത് താത്ക്കാലിക കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അനുമതിയില്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന പരാതി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫിന് കഴിഞ്ഞദിവസം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പാര്‍ക്കിന് സമീപം കഴിഞ്ഞദിവസം വാഹനമിടിച്ച് തകര്‍ന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികളാണ് നടത്തുന്നതെന്നായിരുന്നു നിര്‍മാണ കരാറുകാരന്റെ മറുപടി.
ഇത് സംബന്ധിച്ച് ഡിടിപിസിയുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല കരാറെടുത്തയാള്‍ക്ക് താത്ക്കാലിക കെട്ടിടം നിര്‍മിക്കാന്‍ അനുമതി ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. നാല് ലക്ഷം രൂപ പാര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫീസായി ഡിടിപിസി ഈടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കടമുറികളല്ല പാര്‍ക്കിലെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമാണ് കെട്ടിങ്ങളിലൊരുക്കുന്നതെന്ന നിലപാടാണ് ഡിടിപിസിയുടേത്. അതേസമയം പാര്‍ക്കിന്റെ സ്ഥലം ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി വിട്ടുനല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് വിവിധ സംഘടനകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam