സൗദിയും അമേരിക്കയും പതിനൊന്നായിരം കോടി ഡോളറിന്‍റെ ആയുധ കരാറിൽ ഒപ്പ് വച്ചു

By Web DeskFirst Published May 21, 2017, 9:45 AM IST
Highlights

റിയാദ്: സൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  ജിസിസി ഉച്ചകോടിയിലും അറബ് ഇസ്ലാമിക ഉച്ചകോടിയിലും ഇന്ന് പങ്കെടുക്കും. ഭീകരവാദത്തിനെതിരെയുള്ള യോജിച്ചുള്ള പോരാട്ടം ഉച്ചകോടികളില്‍  പ്രധാന ചർച്ചയാകും. 

അതിനിടയില്‍ സൗദിയും അമേരിക്കയും പതിനൊന്നായിരം കോടി ഡോളറിന്‍റെ ആയുധ കരാറിൽ ഒപ്പ് വച്ചു.  അമേരിക്കൻ പ്രസി‍ഡന്റ് ഡോണാൾഡ് ട്രംപും, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമാണ് കരാറിൽ ഒപ്പിട്ടത്. പ്രതിരോധ രംഗത്തെ സഹകരണം സൗദിയുടെ മാത്രമല്ല ഗൾഫ് മേഖലയുടെ ആകെ സുരക്ഷക്ക് സഹായിക്കുമെന്ന് റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.

ലോകസുരക്ഷയും സ്ഥിരതയും ശക്തമാക്കാന്‍ ട്രംപിന്‍റെ സൗദി സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. വാണിജ്യ വ്യവസായ മേഖലകളിലെ സഹകരണത്തിനും സൗദിയും അമേരിക്കയും ധാരണയായി.

അറബ്, മുസ്ലിം രാജ്യങ്ങളിലെ 56 നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് അഭിസംബോധന ചെയ്യും. ഇസ്ലാമിക് സ്റ്റേറ്റിനെയും മറ്റ് തീവ്രവാദിസംഘങ്ങളെയും നേരിടുന്നതിനെക്കുറിച്ചുള്ള ആലോചനയാണ് ഉച്ചകോടിയുടെ മുഖ്യലക്ഷ്യം. ഇറാന്‍, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും പശ്ചിമേഷ്യന്‍ പ്രശ്നവും അറബ് രാജ്യങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യും. 

ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുക ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്കു മൂലകാരണമായി അറബ് ലോകവും അമേരിക്കയും കാണുന്ന ഇറാന്റെ നടപടികളായിരിക്കും. ഭീകര വിരുദ്ധ പോരാട്ടം, ഇറാന്റെ പ്രതിലോമപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ഇരുരാജ്യങ്ങളും നേരത്തേയെടുത്ത നിലപാടുകള്‍ ശക്തിപ്പെടുത്താന്‍ ഉച്ചകോടി സഹായകമാകും. രണ്ടാം കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലുള്ള മിസ്ക് ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ട്വീപ്പ്സ് 2017' എന്ന ചര്‍ച്ചയിലും ട്രംപ്‌ ഇന്ന് പങ്കെടുക്കും. 

ഭീകരവാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന ചര്‍ച്ചയാണ് ഇവിടെ നടക്കുക. ഭീകരവാദത്തിനെതിരെയും സമാധാനം വളര്‍ത്താനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഗ്ലോബല്‍ സെന്‍ററിന്റെ ഉദ്ഘാടനം ട്രമ്പും, സല്‍മാന്‍ രാജാവും കൂടി നിര്‍വഹിക്കും.തുടര്‍ന്ന് രാത്രി 9മണിക്ക് രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് ഇസ്രായലിലേക്ക് യാത്രതിരിക്കും.
 

click me!