മുസ്ലിംങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നു; കാരണം ബീഫ് നിരോധനമെന്ന് ഉപരാഷ്ട്രപതി

By Web DeskFirst Published Aug 10, 2017, 2:42 PM IST
Highlights

ദില്ലി: ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നു എന്നും ബീഫ് നിരോധനവും ആള്‍ക്കൂട്ട ആക്രമണവും ഇതിന് കാരണമാകുന്നു എന്നും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതി പദത്തില്‍ നിന്ന് വിരമിക്കുന്ന ഹമീദ് അന്‍സാരിക്ക് രാജ്യസഭ യാത്ര അയപ്പ് നല്‍കി. ഹമീദ് അന്‍സാരിയില്‍ നിന്ന് ഏറെ പഠിക്കാന്‍ കഴിഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
 
ഉപരാഷ്ട്രപതി പദത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വിടപറയുന്ന ഹമീദ് അന്‍സാരി രാജ്യസഭാ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ആണ് രാജ്യത്തെ മു്സ്ലിംങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നു എന്ന് തുറന്നു പറഞ്ഞത്. അസഹിഷ്ണുത കാരണം അരക്ഷിതാവസ്ഥയുണ്ട്. ബീഫ് നിരോധനം, ആള്‍ക്കൂട്ട ആക്രമണം, സദാചാര ഗുണ്ടായിസം തുടങ്ങിയവയെല്ലാം അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. 70 വര്‍ഷമായി ബഹുസ്വരതയാണ് രാജ്യത്തിന്റെ കരുത്തെന്നും എല്ലാവരെയും അംഗീകരിക്കുന്ന ആ മനോഭാവത്തിന് കോട്ടമുണ്ടെന്നും ഹമീദ് അന്‍സാരി വ്യക്തമാക്കി. 

സമഭാവനയുടെ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് ഉപരാഷ്ടപതി രാജ്യസഭയിലെ യാത്രഅയപ്പില്‍ പറഞ്ഞു. ഉപരാഷ്ട്രപതിയില്‍ നിന്ന് പലതും പഠിക്കാനായെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാല്‍ ഉപരാഷ്ട്രപതിയുടെ അസഹിഷ്ണുതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്കിയില്ല.

Latest Videos

ഉപരാഷ്ട്രപതിയുടെ പാണ്ഡിത്യം രാജ്യസഭാ നടപടികള്‍ക്ക് ഗരിമ പകര്‍ന്നു എന്ന് മന്‍മോഹന്‍സിംഗ്, സീതാറാം യെച്ചൂരി, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിവര്‍ പറഞ്ഞു. വിദേശകാര്യസര്‍വ്വീസില്‍ നിന്ന് വിരമിച്ച ഹമീദ് അന്‍സാരി, ജാമിയമില്ലിയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണ് 2007-ല്‍ ഉപരാഷ്ട്രപതിയായത്. പുതിയ ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. 

click me!