ഉന്നാവോ പീഡനം: ജീവന് ഭീഷണിയുള്ളതായി പെണ്‍കുട്ടിയുടെ കുടുംബം

By Web DeskFirst Published Apr 15, 2018, 10:06 PM IST
Highlights
  • പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവം
  • ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം
  • എംഎല്‍എയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തി 

ലക്നൗ: ജീവന് ഭീഷണിയുള്ളതായി ഉന്നാവോയില്‍ ബലാത്സംഗത്തിനരയായ പതിനേഴ്കാരിയുടെ കുടുംബം പരാതിപ്പെട്ടു. ഗ്രാമത്തില്‍ നിന്ന് ഓടിക്കുമെന്ന് ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തയതായും ഇവർ പറഞ്ഞു. അതേസമയം സമാജ്‍വാദി പാര്‍ട്ടി കൗൺസിലർ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തി.

പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്‍റെ അനുയായികൾ രാത്രിയിൽ കാറിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയത്.രണ്ട് ബന്ധുക്കളെ നാലു ദിവസമായി കാണാനില്ലെന്നും കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു.കുൽദീപ് സിംഗ് സെംഗാര്‍ സിബിഐക്ക് കുറ്റം നിഷേധിച്ചു.

ബലാത്സംഗം നടന്നെന്ന് ആരോപിക്കുന്ന ദിവസം കാൺപൂരിൽ ഒരു ജന്മദിനാഘോഷ പരിപാടിയിലായിരുന്നുവെന്ന് സെംഗാര്‍ സിബിഐയോട് പറഞ്ഞു. അതേസമയം ഉന്നാവോയിലെ സാഫിപൂരിൽ സമാജ്‍വാദി പാര്‍ട്ടിയുടെ കൗൺസിലര്‍ ഇമ്രാൻ ബലാത്സംഗം ചെയ്തെന്ന് 38 വയസ്സുള്ള സ്ത്രീ പരാതിപ്പെട്ടു. ബലാത്സംഗ ദൃശ്യങ്ങൾ പാര്‍ട്ടി കൗണ്‍സിലറുടെ സഹായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദീകരണം. പ്രതികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് രാജ്ഖട്ടില്‍ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാധി മാലിവാള്‍ തുടരുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സമരവേദിയില്‍ എത്തി.

click me!