അസാധുനോട്ടുകളുടെ കണക്ക് ഊര്‍ജ്ജിത് പട്ടേലിന് അറിയില്ല

By Web DeskFirst Published Jan 18, 2017, 5:05 PM IST
Highlights

ദില്ലി: ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധുനോട്ടുകളുടെ കണക്ക് വെളിപ്പെടുത്താന്‍ പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന് സാധിച്ചില്ല. പ്രതിസന്ധികള്‍ എന്ന് തീരുമെന്നും ഊര്‍ജ്ജിത് പട്ടേല്‍ വിശദീകരിച്ചില്ല. ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നോട്ട് വിവാദങ്ങള്‍ക്കിടെ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു

വീരപ്പമൊയ്‌ലി അദ്ധ്യക്ഷനായ പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് നോട്ട് നിരോധനത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ ഹാജരായത്. 15.44 ലക്ഷം കോടി രൂപയുടെ അസാധുവാക്കിയ 1000, 500 നോട്ടുകള്‍ക്ക് പകരം പുതിയ 9.2 ലക്ഷം കോടി രൂപയുടെ കറന്‍സി വിതരണം ചെയ്തുവെന്ന് ഊര്‍ജ്ജിത പട്ടേല്‍ സ്റ്റാന്റിംഗ് കമ്മിറ്റിയെ അറിയിച്ചു. അതേസമയം അസാധുവാക്കിയ എത്ര നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന സമിതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ക്കായില്ല. ഇപ്പോഴത്തെ നോട്ട് പ്രതിസന്ധി എന്ന് തീരുമെന്നും വ്യക്തമാക്കിയില്ല. റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണ പദവി നഷ്ടമായെന്നും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ ഇന്ത്യക്ക് ആറ്റംബോബ് സ്‌ഫോടനം പോലെ ആയെന്ന് ഇതിനിടെ ശിവസേന ആരോപിച്ചു. നോട്ട് അസാധുവാക്കല്‍ വിവാദങ്ങള്‍ക്കിടെ സര്‍ക്കാരിന് കീഴിലെ അഞ്ച് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപരിധി 49 ശതമാനമാക്കി കൂട്ടിയിരുന്നു. ദേശീയ സമ്പാദ്യ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങളെ ഒഴിവാക്കാനും മന്ത്രി സഭ തീരുമാനിച്ചു. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

click me!