ഐഎസിൽ ചേർന്ന യുവതികൾക്ക് നാട്ടിലേക്ക് മടങ്ങണം; അനുമതി നിഷേധിച്ച് അമേരിക്കയും ബ്രിട്ടനും

By Web TeamFirst Published Feb 21, 2019, 10:47 AM IST
Highlights

കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളവും പട്ടാളം പിടിച്ചെടുത്തതോടെയായിരുന്നു മടങ്ങണമെന്ന ആ​ഗ്രഹം മുത്താന വീട്ടുകാരെ അറിയിച്ചത്. ഐഎസിൽ ചേർന്നതിന് ശേഷം മുത്താന ഭീകരവാദികളായ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. അതിൽ ഒരാളുടെ കുഞ്ഞിന് കഴിഞ്ഞ ആഴ്ചയാണ് മുത്താന ജന്മം നൽകിയത്.

വാഷിംഗ്ടൺ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായി പ്രവർത്തിക്കാൻ സിറിയയിലേക്ക് പോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡൊണാൾ​ഡ് ട്രം​പ്. ഇ​രുപ​ത്തി​നാ​ലു​കാ​രിയായ അ​ല​ബാ​മ സ്വ​ദേ​ശി​ ഹു​ഡ മു​ത്താ​ന​യ്ക്കാണ് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചത്. മുത്താനയ്ക്ക് അമേരിക്കൻ പൗ​ര​ത്വ​മി​ല്ലെ​ന്നും അ​തി​നാ​ൽ രാ​ജ്യ​ത്ത് പ്രവേശിക്കാൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രംപ് വ്യക്തമാക്കി. യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോയ്ക്ക്​ ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇകാര്യങ്ങൾ വ്യക്തമാക്കിയത്. 

മുത്താനയ്ക്ക് നി​യ​മ​സാ​ധു​ത‍​യു​ള്ള അമേരിക്കൻ പാസ്പോർട്ടില്ല, പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള അവകാശമില്ല, അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനുള്ള വിസ പോലും ഇല്ല. ഈ മണ്ണിൽ ജനിച്ച എല്ലാവർക്കും അമേരിക്ക പൗരത്വം നൽകാറുണ്ട്. അമേരിക്കൻ പാസ്പോർട്ടിൽ ഐഎസിൽ ചേരാനായി സിറിയയിലേക്ക് പോയതാണ് മുത്താനയെന്നും പോം​പി​യോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.   
  
അ​ല​ബാ​മ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മു​ത്താ​ന 2014ലാണ് ഐഎസിൽ ചേരുന്നതിനായി സി​റ​യ​യി​ലേ​ക്ക്​ പോ​യ​ത്. പിന്നീട് നാല് വർഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് മടങ്ങണമെന്ന് മുത്താന വീട്ടുകാരെ അറിയിക്കുകയായിരുന്നു. കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളവും പട്ടാളം പിടിച്ചെടുത്തതോടെയായിരുന്നു മടങ്ങണമെന്ന ആ​ഗ്രഹം മുത്താന വീട്ടുകാരെ അറിയിച്ചത്. ഐഎസിൽ ചേർന്നതിന് ശേഷം മുത്താന ഭീകരവാദികളായ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. അതിൽ ഒരാളുടെ കുഞ്ഞിന് കഴിഞ്ഞ ആഴ്ചയാണ് മുത്താന ജന്മം നൽകിയത്. ‌

എന്നാൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കാണിച്ച് മു​ത്താ​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഹസൻ ശിബ്ലി രം​ഗത്തെത്തി. അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക‍​യാ​ണ്. മു​ത്താ​ന അമേരിക്കൻ പൗ​ര​യാ​ണ്. അ​വ​ർ​ക്ക് നി​യ​മ​സാ​ധു​ത‍​യു​ള്ള അമേരിക്കൻ പാ​സ്പോ​ർ​ട്ട് ഉ​ണ്ട്. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ, അതിനുള്ള ശിക്ഷ അനുഭവിക്കാൻ മുത്താന തയ്യാറാണെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മുത്താന അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് അടക്കം ഹസൻ ഹാജരാക്കി. 1994ൽ അമേരിക്കയിലെ അ​ല​ബാ​മ​യി​ലാണ് മുത്താന ജനിച്ചതെന്ന് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു.       

അതേസമയം നാല് വര്‍ഷം മുമ്പ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയ ഷെമീമ ബീഗത്തിന്റെ പൗരത്വം റദ്ദ് ചെയ്യുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ​ഗർഭിണിയായ തനിക്ക് പ്രസവിക്കാൻ നാട്ടിലേക്ക് മടങ്ങുന്നതിന് അനുവദിക്കണമെന്ന് ബ്രിട്ടീഷ് സർക്കാറിനോട് ഷെമീമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തേക്ക് തിരികെ വരുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുവാദം നിഷേധിക്കുകയാണുണ്ടായത്. പിന്നീട് യുവതി ആൺകുട്ടിക്ക് ജന്മം നൽകിയതായി കുടുംബങ്ങൾ അറിയിച്ചു.       

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയോടെയാണ് ഷെമീമ നാട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഷെമീമയും കുഞ്ഞും താമസിക്കുന്നത്. അതേസമയം യുവതിക്ക് പൗരത്വം നഷ്ടപ്പെട്ടാലും കുഞ്ഞിന് നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

click me!