ജറുസലേം ഇസ്രയേല്‍ തലസ്ഥാനമെന്ന് അമേരിക്ക

By Web DeskFirst Published Dec 6, 2017, 11:50 PM IST
Highlights

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റും. ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ചാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നത്. മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു തന്‍റെ പ്രഖ്യാപനമെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം. ജൂദായിസം, ക്രിസ്തുമതം, ഇസ്ലം എന്നീ മൂന്നുമതങ്ങളുടെ പുണ്യ നഗരമായി ജറുസലേം തുടരും. അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
.
ആറ് മാസത്തിനുശേഷമേ അമേരിക്കന്‍ എംബസി ടെല്‍ അവീവീല്‍ നിന്ന് ജറുസലേമിക്ക് മാറ്റാനുള്ള നടപടി തുടങ്ങുകയുള്ളു. കിഴക്കന്‍ ജറുസലേമിലെ ഇസ്രയേലി നിര്‍മ്മാണപ്രവര്‍ത്തനങ്ങളോട് യോജിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു.

വിദേശരാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്ക് പെന്‍റഗണ്‍ സുരക്ഷ ശക്തമാക്കി . തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വാഗ്ദാനം നിറവേറ്റുന്നതിലൂടെ ആഭ്യന്തരരംഗത്ത് പിന്തുണ കൂട്ടാനാകുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ. കിഴക്കന്‍ ജറുസലേം തലസ്ഥാനമാകണമെന്ന ആവശ്യമാണ് ഇസ്രയേല്‍- പലസ്തീന്‍ തര്‍ക്കതില്‍ പരിഹാരമാകാത്തപ്രശ്നങ്ങളിലൊന്ന്.

 

click me!