
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും തമ്മിലുള്ള വാക്‌പോര് കടുക്കുന്നു. തോക്ക് കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിലരി അധികാരത്തില്‍ വരുന്നത് തടയണം എന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ വിവാദ പരാമര്‍ശം. ഹിലരിയെ വധിക്കണം എന്നുപോലും വ്യാഖ്യാനിക്കാവുന്നതാണ് ട്രംപിന്റെ പ്രസ്താവന എന്ന് ആരോപിച്ചാണ് ഡെമോക്രാറ്റിക് ക്യാംപ് തിരിച്ചടിക്കുന്നത്.
അമേരിക്കയില്‍ അടുത്തകാലത്തായി നിശാക്ലബ്ബുകളിലും തെരുവുകളിലുമൊക്കെ തോക്കുധാരികളുടെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വ്യക്തികള്‍ക്ക് തോക്ക് കൊവശം വയ്ക്കാന്‍ അനുവദിക്കുന്ന നയം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഖ്യ ചര്‍ച്ചാവിഷയമാണ്. തോക്ക് ഉപയോഗിച്ചുള്ള വംശീയ കൊലപാതകങ്ങളും പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുകയാണ്. തോക്ക് കൈവശം വയ്ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയം. തോക്ക് ലൈസന്‍സ് ഉള്ളവരുടെ സംഘടനയായ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഉള്‍പ്പെട്ട തോക്ക് ലോബിക്കെതിരെ പ്രസിഡന്റ് ഒബാമയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരിയും ശക്തമായ നിലപാടാണ് സ്വീകരിച്ചുപോന്നത്. എന്നാല്‍ സ്വയം പ്രതിരോധത്തിനായി ആയുധം കൈവശം വയ്ക്കാനുള്ള പൗരന്റെ അവകാശത്തിന് ഹിലരി തടസം നില്‍ക്കുന്നുവെന്നാണ് ഡോണള്‍ഡ് ട്രംപ് വാദിക്കുന്നത്. നോര്‍ത്ത് കരോലിനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഈ വിഷയത്തില്‍ ട്രംപ് ഒടുവിലത്തെ വിവാദവെടി പൊട്ടിച്ചത്. തോക്ക് ഉപയോഗിക്കാനുള്ള അവകാശം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഹിലരി പ്രസിഡന്റ് പദത്തിലെത്തുന്നത് തടയണം എന്നാണ് ട്രംപിന്റെ പ്രസ്താവന.
ഇതിനെതിരെ അതിരൂക്ഷ പ്രതികരണമാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുമുണ്ടായത്. ഹിലരിയെ വധിക്കണം എന്നുപോലും ട്രംപിന്റെ പ്രസ്താവനയെ വിവക്ഷിക്കാമെന്ന് ഡെമോക്രാറ്റിക് ക്യാംപ് ആരോപിക്കുന്നു. അപകടകരം എന്നാണ് അവര്‍ പ്രസ്താവനയെ വിശേഷിപ്പിക്കുന്നത്. നോര്‍ത്ത് കരോലിന പ്രസംഗം വിവാദമായതോടെ തോക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബാലറ്റ് ബോക്‌സിലൂടെ ഹില്ലരിയെ രാഷ്ട്രീയമായി തടയണം എന്നാണ് ട്രംപ് ഉദ്ദേശിച്ചത് എന്ന വിശദീകരണവുമായി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലക്കാര്‍ രംഗത്തെത്തി. ഇതിനിടെ ആത്മനിയന്ത്രണം ഇല്ലാതെ, പ്രകോപനപരമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹം അപകടകാരിയായ പ്രസിഡന്റായിരിക്കും എന്ന പ്രസ്താവനയുമായി ഒരുപറ്റം മുന്‍ നയതന്തജ്ഞരുടേയും അമേരിക്കന്‍ ചാരസംഘടനയിലെ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും കൂട്ടായ്മ രംഗത്തെത്തി. ഏതായാലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാധാരണ നിലയില്‍ കാണാത്തവിധം രൂക്ഷമായ പരാമര്‍ശങ്ങളിലൂടെയാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം കൊണ്ടും കൊടുത്തും മുന്നേറുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam