
തൃശൂര്‍: കേന്ദ്ര സര്‍ക്കാറിന്‍റെ പണരഹിത സമ്പത്ത്(Cashless Economy)വ്യവസ്ഥയുടെ ഭാഗമായി റെയില്‍വേയില്‍ ഏര്‍പ്പെടുത്തിയ യു.ടി.എസ് ആപ്പ് പരിചയപ്പെടാന്‍ തൃശൂരില്‍ വന്‍ തിരക്ക്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റെയില്‍വേയിലെ സാധാരണ ടിക്കറ്റെടുക്കാന്‍ യു.ടി.എസ് ആപ്പുപയോഗിച്ച് സാധിക്കും. റെയില്‍വേയും തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 500ല്‍ അധികം യാത്രക്കാര്‍ ആപ്ലിക്കേഷന്‍ പരിചയപ്പെട്ടു.
സഹായകേന്ദ്രത്തിലെത്തി ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം മനസിലാക്കിയും സംശയങ്ങള്‍ ദുരീകരിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പുതിയ സംവിധാനത്തെ എതിരേറ്റു. നൂറ്റി ഇരുപത്തഞ്ചോളം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കി നല്‍കി. നിരവധി പേര്‍ ടിക്കറ്റ് കൗണ്ടര്‍ വഴി ആര്‍-വാലറ്റില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. വരി നില്‍ക്കാതെ ടിക്കറ്റ് എടുക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് യാത്രക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിക്കും.
യു.ടി.എസ് ഓണ്‍ മൊബൈല്‍ സംവിധാനത്തില്‍ ടിക്കറ്റ് എടുത്തശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്നോ, കേടുപറ്റിയോ പ്രവര്‍ത്തനരഹിതമായാല്‍ ടിക്കറ്റ് പരിശോധകനോട് യാത്രക്കാരന്‍ തന്‍റെ മൊബൈല്‍ നമ്പര്‍ പറഞ്ഞാല്‍ മതി. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥന് കഴിയും. അവരുടെ മൊബൈലിലുള്ള ആപ്ലിക്കേഷന്‍ അതിന് സൗകര്യമുള്ളതാണ്. അതിനാല്‍ ടിക്കറ്റ് ഇല്ലാതെ പിഴ നല്‍കേണ്ടിവരുമെന്ന ഭീതി വേണ്ടെന്ന് ദക്ഷിണ റെയില്‍വേ ചീഫ് കൊമ്മേര്‍ഷ്യല്‍ മാനേജര്‍ പാസഞ്ചര്‍ മാര്‍ക്കറ്റിംഗ് ജെ. വിനയന്‍ അറിയിച്ചു. ചീഫ് കോമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ സൂസണ്‍ എസ് കുമാര്‍, ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഗോപിനാഥന്‍, തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam