
നോട്ട് നിരോധനത്തെ ന്യായീകരിച്ച മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണെന്ന് സതീശന്‍ മോഹന്‍ലാലിന് മറുപടിയായി പറയുന്നു. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ എണ്‍പത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോഡിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന ലാല്‍ കാണാതെ പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ പറയുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അത് പോലെ തന്നെ ദി കംപ്ളീറ്റ് ആക്ടര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൌരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിന്‍റെ ആഴം എത്രത്തോളം എന്ന് മനസ്സിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതം. ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണ്. ആ ക്യൂവില്‍ നിന്നവരുടെ ലക്‌ഷ്യം ഒരു ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും, വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനം ആണ്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ എണ്‍പത്തി ആറു ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോഡിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന ലാല്‍ കാണാതെ പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മാസങ്ങള്‍ക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിന് പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നില്‍ക്കേണ്ടി വന്നവരുടെയും അതില്‍ മനം നൊന്തു ബാങ്കില്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങള്‍ കണ്ടില്ല? ശീതീകരിച്ച ഹാളുകളിലും എയര്‍പ്പോര്‍ട്ടിലും നിങ്ങള്‍ നിന്ന ക്യൂ അല്ല. ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളര്‍ന്നു കുഴഞ്ഞു വീഴുന്ന ക്യു അങ്ങ് എത്ര മാത്രം കണ്ടു എന്നത് നിശ്ചയമില്ല. ചുരുങ്ങിയ പക്ഷം ജയ്പൂരിലെ ഇരുപത്തി അഞ്ചും അന്‍പതും കിലോമീറ്റര്‍ യാത്ര ചെയ്തു ബാങ്കില്‍ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നില്‍ക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹന്‍ലാല്‍ കുറിക്കാന്‍. ആ ക്യൂവില്‍ ഒരു ധനികനും, കള്ളപ്പണക്കാരനും, സിനിമാതാരവും ഇല്ല. അവിടെ ഉള്ളത് സ്വന്തം ജീവിതത്തില്‍ സ്വരുക്കൂട്ടിയ ആയിരങ്ങള്‍ക്ക് വേണ്ടി യാചകരെ പോലെ നില്‍ക്കുന്ന പാവപ്പെട്ടവര്‍ മാത്രമാണ്. അവരുടെയെല്ലാം ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റമാണ്. പ്ലാസ്റ്റിക് മണിയുടെയും, പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സുഖലോലുപതയല്ല, സ്വന്തം പണം ഉപയോഗിച്ച് അന്നന്നത്തേക്കുള്ള ഭക്ഷണം മേടിക്കാന്‍ പാട് പെടുന്ന സാധാരണക്കാരന്‍റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. നൂറു കോടി ക്ലബ്ബില്‍ അംഗമായ സന്തോഷത്തില്‍, സ്വന്തം സിനിമ ഈ വിഷയം മൂലം റിലീസ് പോലും ചെയ്യാന്‍ പറ്റാതിരുന്ന സഹപ്രവര്‍ത്തകരോട് ഒന്ന് അന്വേഷിച്ചാല്‍ അവരുടെ ദുരിതം മനസ്സിലാവുമായിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ മോഡിക്ക് ഇന്നേക്ക് പതിമൂന്നു ദിവസം പിന്നിടുമ്പോള്‍ സ്വന്തം നാട്ടില്‍ അഞ്ഞൂറ് രൂപയുടെ നോട്ട് എത്തിക്കാന്‍ എങ്കിലും കഴിഞ്ഞുവോ എന്ന് ഈ ബ്ലോഗ് എഴുതുന്നതിനു മുന്നേ അന്വേഷിക്കണമായിരുന്നു. എടുത്തു ചാട്ടമല്ല, വിവേകപൂര്‍ണ്ണമായ നടപടികളാണ് ഒരു പ്രധാനമന്ത്രിയില്‍ നിങ്ങള്‍ കാണേണ്ടതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam