പ്രീത ഷാജിയുടെ വീടിന്‍റെ ജപ്തി: നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് സുധീരന്‍

By Web DeskFirst Published Jul 14, 2018, 12:03 PM IST
Highlights
  • രണ്ട് ലക്ഷം രൂപയുടെ ലോണിന് ജാമ്യം നിന്ന പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനൊരുങ്ങിയതിനെതിരെ വി.എം.സുധീരന്‍.  

കൊച്ചി: രണ്ട് ലക്ഷം രൂപയുടെ ലോണിന് ജാമ്യം നിന്ന പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനൊരുങ്ങിയതിനെതിരെ വി.എം.സുധീരന്‍.  പ്രീതാ ഷാജിയുടെ കാര്യത്തില്‍ നടന്നത് അന്യായമെന്ന് വി.എം.സുധീരന്‍ പ്രതികരിച്ചു. ജനനന്മയ്ക്ക് വേണ്ടിയുളള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. കോടീശ്വരന്മാരുടെ കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ എന്തുകൊണ്ട് ബാങ്ക് ഉത്സാഹം കാണിക്കുന്നില്ലെന്നും സുധീരന്‍ ചോദിച്ചു. കൊച്ചിയില്‍  പ്രീത ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കിടപ്പാടം ജപ്തിചെയ്യുന്നതിനെതിരെ ഇടപ്പള്ളി സ്വദേശി പ്രീത ഷാജി നിരാഹാര സമരം നടത്തിയിരുന്നു.  പ്രീത ഷാജി നടത്തി വന്നിരുന്ന സമരം നിയമസഭയിൽ കളമശ്ശേരി എംഎൽഎ ഉന്നയിച്ചതോടെയാണ് നടപടിയെടുക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ ഡെപ്യൂട്ടി കളക്ടർ ജപ്തി ഒഴിവാക്കാൻ സാധ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പ് നൽകി. ഇതോടെ സമരം പിന്‍വലിക്കാന്‍ കുടുംബം തയ്യാറായി.

എന്നാല്‍ ഇടപെടലുകളൊന്നും ഫലം കാണാതെ വീട് ജപ്തി ചെയ്യാന്‍ അധികൃതര്‍ എത്തിയതോടെയാണ് പ്രീതയുടെ കുടുംബവും ഒപ്പം നാട്ടുകാരും സമരം ആരംഭിച്ചിരിക്കുന്നത്. ജപ്തി നടപടികള്‍ തുടര്‍ന്നാല്‍ ആത്മഹത്യചെയ്യുമെന്ന് പ്രീത ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

click me!