
കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്ക് വിഎസ് അച്ചുതാനന്ദന്‍റെ പരോക്ഷ വിമര്‍ശനം. കേന്ദ്രമന്ത്രിസ്ഥാനത്തില്‍ അഭിനന്ദിക്കത്തക്ക ഒന്നുമില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ ജീര്‍ണ്ണതയെന്നും വിഎസ് തുറന്നടിച്ചു.
ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നാണ് വിഎസിന്‍റെ പ്രസ്താവന. ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്‍റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറാനാവരുതാത്തതാണ്.
വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത്. അത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ല. മാത്രവുമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന തിരിച്ചറിവുകൂടിയാണ് ഇത് ഇടതുപക്ഷത്തിന് നല്‍കുന്നത്. ഒരുതരത്തിലും സന്ധിചെയ്യാന്‍ വകുപ്പില്ലാത്ത ഒരു ഘട്ടത്തില്‍, തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഫാസിസത്തോട് സന്ധിചെയ്യുകയാണ് കണ്ണന്താനം ചെയ്തത് എന്നും വിഎസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam