
പാലക്കാട് ചമ്മണാംപതിയിലെ അനധികൃത പ്രാർത്ഥനാ കേന്ദ്രത്തിനെതിരെ പരാതികളുണ്ടായിട്ടും അധികൃതർ അവഗണിച്ചെന്ന് പരാതി. ഇവിടെ താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്നവർ മുങ്ങിയതോടെയാണ് വചന സമൂഹമെന്ന സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ഇടുക്കി സ്വദേശിയായ കാട്ടാംപ്ലാക്കൽ ജോസുട്ടി എന്നയാൾ സ്വയം ഗുരുവായും ദൈവമായും പ്രഖ്യാപിച്ച് നടത്തിവരുന്ന വചന സമൂഹ ദൈവ സഭയിൽ അംഗങ്ങളായവർ അനുഭവിച്ചിരുന്ന പീഢനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ശരീരം മുഴുവന്‍ കറുത്ത തുണി കൊണ്ടും ചരട് കൊണ്ടും കെട്ടിയ ശേഷം സ്റ്റൂള്‍ കൊണ്ട് മര്‍ദ്ദിക്കുന്നത് അടക്കമുള്ള പീഡനങ്ങളാണിവിടെ നടക്കുന്നതെന്ന് ഇവിടെ നിന്ന് രക്ഷപെട്ടവര്‍ പറയുന്നു. ഉരല്‍ ശരീരത്തിലൂടെ ഉരുട്ടുക. മുരിക്കിന് മുകളിലൂടെ നടക്കുക എന്നിങ്ങനെയും പീഡിപ്പിച്ചിരുന്നെന്നാണ് ഇവര്‍ പറയുന്നത്. സഹിക്കാനാവാതെ വന്നതോടെ പലരും പിരിഞ്ഞു പോയെന്ന് ഇവിടുത്തെ അന്തേവാസികൾ പറയുന്നു. നിയമ സംവിധാനങ്ങളിൽ യാതൊരു വിശ്വാസവുമില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ജോസൂട്ടിയും ഒപ്പമുള്ളവരും.
പേരു പോലും വെളിപ്പെടുത്താതെ, സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ചെന്ന പേരിൽ ജിവിക്കുന്ന ഇവരെക്കുറിച്ച് പോലീസിനോ, പ്രാദേശിക ഭരണകൂടങ്ങൾക്കോ അറിവുണ്ടായിരുന്നില്ല. ഇവിടെ താമസിക്കുന്നവർ ആരെന്ന് കണ്ടെത്താൻ യാതൊരു രേഖകളും ഇല്ല. ഇവിടെ ഏഷ്യാനെറ്റ് വാര്‍ത്താ സംഘം എത്തുന്ന സമയത്ത് മൂന്ന് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് ചമ്മണാംപതിയിലെ വീട്ടിലുണ്ടായിരുന്നത്. മനുഷ്യ ജീവിതത്തിൽ വിശ്വസിക്കുന്നില്ലെന്നും ആർക്കും പേരുകളില്ലെന്നും പരസ്പരം സഹോദരങ്ങളെന്നാണ് അഭിസംബോധന ചെയ്യാറെന്നുമായിരുന്നു പേരു ചോദിച്ചപ്പോഴുള്ള മറുപടി.
ഇടുക്കിയിൽ വച്ച് എതിർപ്പുകളും നിയമ നടപടികളും രൂക്ഷമായതോടെയാണ് പാലക്കാട്ടെ തമിഴ്നാട് അതിർത്തിയിലെ ഉൾഗ്രാമത്തിലെ വാഹനം പോലും ചെല്ലാത്ത സ്ഥലത്ത് വർഷങ്ങളായി ഇവർ താവളം കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ മൂന്ന് പേർ ഈ കേന്ദ്രത്തിൽ വച്ച് മരിച്ചിട്ടുണ്ടെന്നും, മരിച്ചവരൊന്നും ഭൗതിക ജീവിതത്തിൽ വിശ്വസിക്കാത്തവരായതിനാൽ ബന്ധുക്കളെയോ, അധികൃതരെയോ മരണവിവരം അറിയിച്ചിട്ടില്ലെന്നും പറയുമ്പോഴാണ് കാര്യങ്ങളുടെ ഗുരുതരാവസ്ഥ വ്യക്തമാകുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ റോസമ്മ ചികിത്സയില്ലാതെ പ്രമേഹ രോഗം മൂർച്ഛിച്ച് മരിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചതോടെയാണ് ഇക്കൂട്ടരെ കുറിച്ച് വീണ്ടും പുറംലോകമറിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam