
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥയായ എ എസ് പി പൂങ്കുഴലി കൊച്ചിയിലെത്തിയാണ് മൊഴിയെടുത്തത്. എ എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്.
കേസിന്റെ മുൻകാല രേഖകളും മൊഴിപ്പകർപ്പുകളും പ്രത്യേക സംഘം പ്രാഥമികമായി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച വടക്കാഞ്ചേരി പൊലീസ് സിപിഎം കൗൺസിലർ ജയന്തനടക്കമുളള പ്രതികൾക്കെതിരായ തന്റെ മൊഴി വളച്ചൊടിച്ചെന്നും തെളിവുകൾ ഇല്ലാതാക്കിയെന്നും അന്വേഷണം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചത്.
ഈ സാഹചര്യത്തിൽ പുതിയ മൊഴി ആദ്യമുതൽ രേഖപ്പെടുത്തുകയായിരുന്നു പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇപ്പോഴത്തെ മൊഴിയും മുൻകാല മൊഴിയും വിശദമായി പരിശോധിച്ചശേഷമാകും തുടർ നടപടികൾ. പരാതിക്കാരിയിൽ നിന്ന് ഏതെങ്കിലും കാര്യങ്ങൾ വ്യക്തത വേണമെങ്കിൽ തുടർ മൊഴി രേഖപ്പെടുത്തും. എന്നാൽ കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും മറ്റൊരു അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാവശ്യപ്പെട്ട് അനിൽ അക്കര എം എൽഎയും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam