
ആലപ്പുഴ: ബിജെപിയേയും സിപിഎം നേതാവ് എം.വി.ഗോവിന്ദനേയും വിമർശിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ രണ്ട് വർഷമായി ഘടകക്ഷികൾക്ക് ബിജെപി ഒന്നും കൊടുത്തിട്ടില്ലെന്നും പലവിധ ആവശ്യങ്ങളുന്നയിച്ച് രണ്ട് വർഷമായി ബിഡിജെഎസ് ബിജെപിക്ക് പിറകേ നടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർക്കോട്ടെ കേന്ദ്രസർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിൻറെ പേര് നൽകാത്തതിൽ എസ്എൻഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാൽ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാൽ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തിൽ താൽപര്യമില്ല. കേരള ഘടകത്തിന് ആവശ്യമുള്ളത് ചോദിച്ച് വാങ്ങുന്നു, പക്ഷേ ഘടകകക്ഷികൾക്ക് വേണ്ടത് കൊടുക്കാൻ ശ്രമിക്കാത്ത അടവുനയമാണ് ബിജെപിയുടേത്. ചെങ്ങന്നൂരിൽ നിലവിൽ സജി ചെറിയാനാണ് മുൻതൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരൻപ്പിള്ള മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞു.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദനെതിരേയും വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ബിഡിജെഎസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കില്ലെന്ന് ഏഷ്യാനെറ്റിന്റെ ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ രോക്ഷപ്രകടനം. ഗോവിന്ദന്റെ നിലപാട് സജി ചെറിയാനെ തോൽപിക്കാനുള്ള ശ്രമമാണെന്ന് സംശയമുണ്ട്. അനവസരത്തിലെ അനാവശ്യ പരാമർശമായിരുന്നു ഗോവിന്ദന്റേത്. ഗോവിന്ദന് വടക്കൻജില്ലകളിലെ രാഷ്ട്രീയം മാത്രമേ അറിയൂ, പക്ഷേ പിണറായിക്ക് കാര്യങ്ങളറിയാം - വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് വർഗ്ഗീയ പാർട്ടിയാണെന്ന ഗോവിന്ദന്റെ പരാമർശത്തിന് എൽഡിഎഫിലുള്ളതെല്ലാം മതേതരകക്ഷികളാണോ എന്ന മറുചോദ്യമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ഐ.എൻ.എൽ മതേതര പാർട്ടിയാണോ....? ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരം കള്ളനാണയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് ഉണ്ടായത് കൊണ്ടാണ് ശ്രീധരൻപിള്ളയ്ക്ക് വലിയ വോട്ട് കിട്ടിയത്. ബിഡിജഎസ് പ്രശ്നം തീർത്തില്ലെങ്കിൽ വോട്ട് കുറയും പ്രശ്നം പരിഹരിച്ചാലും വ്രണം ഉണങ്ങാൻ സമയമെടുക്കും കാര്യങ്ങൾ പഴയത് പോലെയാവില്ല. ബിഡിജെഎസിനെ വരാനാണ് കൺവെൻഷൻ നീട്ടിവെച്ചത്. എന്തായാലും ബിഡിജെഎസ്സാണ് ഇപ്പോൾ താരം. നല്ല സമയമാണ്, ശക്തിതെളിയിക്കാൻ കിട്ടിയ അവസരം, സ്ഥാനാർത്ഥിയെ നിർത്തുന്നതാവും നല്ലതാണ്... വെള്ളാപ്പള്ളി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam