
കൊച്ചി: വരാപ്പുഴയില്‍ പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മുകുന്ദന്റെ മരണത്തില്‍ പൊലീസ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ പങ്ക് ആരോപിച്ച് കുടംബം. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അനൂകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മക്കളുമായി നിരാഹാരം തുടങ്ങുമെന്ന് ഭാര്യ സ്നേഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് മുന്‍പ് തന്നെ റൂറല്‍ എസ്.പിക്ക് കീഴിലെ ആര്‍.ടി.എഫിനെ പ്രതിക്കൂട്ടിലാക്കിയ മറ്റൊരു മരണം. ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത ആര്‍ടിഎഫ് സംഘം ആളുമാറി മുകുന്ദനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു കൊന്നുവെന്നായിരുന്നു അമ്മ നളിനിയുടെ വെളിപ്പെടുത്തല്‍. മത്സ്യത്തൊഴിലാളിയായ മകനെ മര്‍ദിച്ച് അവശനാക്കിയ പൊലീസ് സംഘം, മുകുന്ദന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് ഉറപ്പാക്കി കടന്നു കളഞ്ഞുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസിനെ കണ്ട് ഓടിയ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്.
ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ മുങ്ങിമരണമെന്ന കണ്ടെത്തലോടെ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. മരണം നടന്ന് 10 മാസങ്ങള്‍ പിന്നിടുമ്പോഴും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് മുകുന്ദന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിക്കുന്നത്. അനാഥമായ ഒരു കുടുംബത്തിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി ചെവി തരുമെന്നാണ് മുകുന്ദന്റെ ഭാര്യ സ്നേഹയുടെ പ്രതീക്ഷ. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പറക്കമുറ്റാത്ത മക്കളെയും ചേര്‍ത്ത് മരണം വരെ നിരാഹാരം തുടങ്ങാനുള്ള തീരുമാനത്തിലാണ് സ്നേഹ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam