
ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വലഞ്ഞ് വട്ടവട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ കുട്ടികള്‍. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം പോലുമില്ലാതെയാണ് കുട്ടികള്‍ ബുദ്ധിമുട്ടുന്നത്. സ്‌കൂളിലെത്തുന്ന കുടിവെള്ളംപോലും മലിന്യമാണ്. പൈപ്പിലൂടെയെത്തുന്ന വെള്ളത്തിന് ഓരോ ദിവസവും ഒരോ നിറമാണുളളത്. ചില ദിവസങ്ങളില്‍ വെള്ളത്തിന് ദുര്‍ഗന്ധവുമുണ്ടാകും. സ്‌കൂള്‍ അങ്കണത്തിന് ചുറ്റം ചുറ്റുമതില്‍ നിര്‍മ്മിക്കാത്തിനാല്‍ വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ സാമൂഹ്യവിരുദ്ധര്‍ കൈയ്യേറും. വിവിധ ഊരുകളില്‍ നിന്നെത്തുന്ന ആദിവാസികുട്ടികളാണ് സ്കൂളിലേറെയുള്ളത്.
സ്‌കൂളിനോടുചേര്‍ന്നുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം. ആവശ്യമായ കെട്ടിടങ്ങളുടെ അഭാവം കുട്ടികളുടെ പഠനത്തിന് തിരിച്ചടിയാവുകയാണ്. സ്റ്റാഫുകള്‍ക്ക് വിശ്രമമുറി ഇല്ലാത്തതിനാല്‍ അതിനായി ഉപയോഗിക്കുന്നത് ലാബ് മുറിയാണ്. എന്നാല്‍ കാലവര്‍ഷത്തില്‍ മുറി ചോര്‍ന്നൊലിച്ചതോടെ മുറിക്കുള്ളിലുണ്ടായിരുന്ന ബെഞ്ചുകളും മറ്റ് ഉപകരണങ്ങളും നശിക്കുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യപപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ദൃശ്യങ്ങള്‍ ക്യാമറിയില്‍ പകര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുവാനായി മൂന്ന് ശുചിമുറികള്‍ നിര്‍മ്മിച്ചെങ്കിലും അശാസ്ത്രീയ നിര്‍മ്മാണം മൂലം അത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. വേണ്ടത്ര സുരക്ഷയില്ലാത്ത കാരണം പലപ്പോഴും ഇത് ഉപയോഗിക്കുന്നത് പൊതുജനങ്ങളാണ്. സ്‌കൂള്‍ ജീവനക്കാരുടെ സ്ഥിതിയും ദയനീയമാണ്. സ്വന്തമായി ക്വാര്‍ട്ടേഴ്സുകളോ മുറികളോ ഇല്ലാത്തതുകാരണം വിദൂരങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് താമസം അസാധ്യമാണ്.
വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തുന്ന കുട്ടികള്‍ യാത്രാക്ലേശവും നേരിടുന്നുണ്ട്. അഞ്ചും ആറും കിലോമീറ്റുകള്‍ കാല്‍നടയായാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്തുന്നത്. ജില്ലയിലെ പിന്നോക്കവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന വട്ടവടയിലെ സ്‌കൂളിന്റെ ശോചനീയവസ്ഥ മാറ്റുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവരുടെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam